മോസ്കോ: ലോകത്ത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ. ലോകത്തെ നയിക്കുന്ന മഹാശക്തികളുടെ പട്ടികയിൽ ഇന്ത്യയുമുണ്ടെന്നും അതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിൽ ഏറ്റവുമധികം ജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഭാരതവുമായി സർവ മേഖലയിലും റഷ്യം ബന്ധം വികസിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും ഉഭയകക്ഷി ബന്ധങ്ങളിൽ വലിയ വിശ്വാസമുണ്ടെന്നും പുടിൻ പറഞ്ഞു. അതിവേഗ വളർച്ച, പുരാതന സംസ്കാരം, കൂടുതൽ വളർച്ചയ്‌ക്കുള്ള മികച്ച സാധ്യതകൾ എന്നിവയുള്ള രാജ്യമാണ് ഇന്ത്യ. ഒന്നര ബില്യൺ ജനസംഖ്യയുള്ള ഇന്ത്യയെ സൂപ്പർ പവറുകളുടെ പട്ടികയിലേക്ക് നിസ്സംശയം ചേർക്കാം. സോചിയിൽ നടന്ന വാൽഡായി ചർച്ചാ ക്ലബിന്റെ പ്ലീനറി സെഷനിൽ സംസാരിക്കുകയായിരുന്നു പുടിൻ.
ഭാരതവുമായുള്ള സഹകരണം ഓരോ വർഷവും പല മടങ്ങ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷാ, പ്രതിരോധ മേഖലകളാണ് അതിൽ പ്രധാനം. റഷ്യയുടെ ആയുധങ്ങൾ ഇന്ത്യക്ക് വിൽക്കുന്നില്ലെന്നും മറിച്ച് സംയുക്തമായി രൂപകൽപന ചെയ്യുകയാണെന്നും പുടിൻ പറഞ്ഞു. ഇന്ത്യൻ പ്രതിരോധ കരുത്ത് വർദ്ധിപ്പിക്കുന്നതിൽ പങ്ക് വഹിക്കാൻ സാധിക്കുന്നുവെന്നും ഈ ഉഭയകക്ഷി ബന്ധത്തിൽ ഏറെ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.