വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന്റെ ചരിത്ര വിജയത്തിന് പിന്നാലെ അമേരിക്ക ഉപേക്ഷിക്കാനുള്ള ആഗ്രഹം പ്രകടമാക്കി ഇലോൺ മസ്കിന്റെ മകൾ വിവിയൻ വിൽസൺ. തെരഞ്ഞെടുപ്പിൽ പൂർണമായും ട്രംപിനെ പിന്തുണച്ചയാളാണ് മസ്‌ക് എന്നതും ശ്രദ്ധേയമാണ്.
ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട വിവിയൻ ത്രെഡ്ഡിൽ പങ്കുവച്ച പോസ്റ്റിലാണ് തന്റെ ചിന്തകൾ പങ്കുവയ്‌ക്കുന്നത്. “എനിക്ക് കുറച്ച് കാലമായി അങ്ങനെ തോന്നുന്നു. പക്ഷെ ഇന്നലെ അത് ഉറപ്പിച്ചു. അമേരിക്കയിൽ എന്റെ ഭാവി ഞാൻ കാണുന്നില്ല,” വിവിയൻ കുറിച്ചു.
ട്രംപ് നാല് വർഷം മാത്രമേ അധികാരത്തിൽ തുടരുകയുള്ളുവെങ്കിലും ട്രാൻസ്‌ജെൻഡർ വിരുദ്ധ നയങ്ങൾ നടപ്പിലാക്കിയാലും ഇല്ലെങ്കിലും അയാൾക്ക് വേണ്ടി വോട്ട് ചെയ്തവർ ഇവിടെ തന്നെ കാണും. അവർ ഒരിടത്തും പോകാൻ പോകുന്നില്ലെനും വിവിയൻ പറഞ്ഞു. ട്രംപിനെ പിന്തുണയ്‌ക്കുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് തന്നെ അൺഫോളോ ചെയ്യാമെന്നും വിവിയന്റെ പോസ്റ്റിൽ പറയുന്നു.
ഇലോൺ മസ്കിന്റെ ആദ്യഭാര്യ ജസ്റ്റിൻ വിൽസണിന്റെ ആറുമക്കളിൽ ഒരാളാണ് വിവിയൻ. 2022 ലാണ് വിവിയൻ തന്റെ ട്രാൻസ്‌ജെൻഡർ വ്യക്തിത്വം പരസ്യമാക്കുന്നത്. പിന്നാലെ സേവ്യർ എന്ന പേരുമാറ്റി വിവിയൻ വിൽസണെന്ന പുതിയ പേരും സ്വീകരിച്ചു. മസ്കിൽ നിന്നും അകന്നുകഴിയുന്ന വിവിയൻ തന്റെ പുതിയ വ്യക്തിത്വം പിതാവിന് സ്വീകാര്യമായിരുന്നില്ലെന്ന് മുൻപ് ആരോപിച്ചിരുന്നു.