ന്യൂയോർക്ക്: നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് അഫ്ഗാന് പൗരനെതിരെ കുറ്റം ചുമത്തിയതായി യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്. 51കാരനായ ഫർഹാദ് ഷാക്കേരി എന്ന അഫ്ഗാന് പൗരനെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ട്രംപിനെ വധിക്കാൻ വധിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ ഈ വർഷം ഒക്ടോബർ ഏഴിന് തന്നെ ചുമതലപ്പെടുത്തിയെന്ന് ഫർഹാദ് ഷാക്കേരി വെളിപ്പെടുത്തിയതായി ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ പറയുന്നു.
ഇറാനിലെ എലൈറ്റ് റെവല്യൂഷണറി ഗാർഡ്സ് കോർപ്സിന്റെ നിർദേശാനുസരണമാണ് ഈ നീക്കമെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഐആർജിസി നൽകിയ സമയപരിധിക്കുള്ളിൽ തനിക്ക് ട്രംപിനെ വധിക്കാൻ സാധിക്കുമായിരുന്നില്ലെന്നും ഫർഹാദ് പറഞ്ഞിരുന്നു. അതേസമയം നിലവിൽ ഒളിവിൽ കഴിയുന്ന ഇയാൾ ഇറാനിൽ ആണ് ഉള്ളതെന്നും പ്രോസിക്യൂട്ടർമാർ അറിയിച്ചു. ചെറുപ്പത്തിൽ യുഎസിലേക്ക് കുടിയേറിയ ഇയാൾ, 2008ൽ ഒരു കവർച്ചാ കേസിൽ പെട്ടതോടെ നാടുകടത്തപ്പെടുകയായിരുന്നു.
അതേസമയം ഫർഹാൻ ജയിലിൽ വച്ച് കണ്ടുമുട്ടിയ രണ്ട് യുഎസ് പൗരന്മാർക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. കാർലിസ റിവേര, ജൊനാഥൻ ലോഡ്ഹോൾട്ട് എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഇറാനിയൻ വംശജനായ യുഎസ് പൗരനെ ന്യൂയോർക്കിൽ വച്ച് കൊലപ്പെടുത്താൻ ഫർഹാനെ സഹായിച്ചതിനാണ് ഇരുവർക്കുമെതിരെ കുറ്റം ചുമത്തിയത്. ഇറാൻ സർക്കാരിനെതിരെ നിരന്തരം വിമർശനം ഉന്നയിച്ച വ്യക്തിയെ ആണ് ഇവർ വധിക്കാൻ ശ്രമിച്ചത്.