മുംബൈ: കോൺഗ്രസിനെയും മഹാവികാസ് അഘാഡി(MVA) സഖ്യത്തിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാതി വിവേചനം കാണിച്ച് ഒബിസികൾക്കിടയിൽ ഭിന്നതയുണ്ടാക്കാനാണ് ഇരു പാർട്ടികളും ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്‌ട്രയിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” പ്രതിപക്ഷ പാർട്ടികൾ ഒബിസികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ കോൺഗ്രസിന്റെയും MVA യുടെയും ചതിക്കുഴികളിൽ വീഴാതിരിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം. എൻഡിഎ സർക്കാരും സംസ്ഥാനത്തെ മഹായുതി സർക്കാരും ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.”- പ്രധാനമന്ത്രി പറഞ്ഞു.
പിന്നാക്ക വിഭാഗങ്ങൾക്കായി കേന്ദ്ര സർക്കാരും മഹായുതി സർക്കാരും സംയുക്തമായി നടപ്പിലാക്കുന്ന നിരവധി സംരംഭങ്ങളുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിച്ച് ക്ഷേം ഉറപ്പുവരുത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. എന്നാൽ ഒബിസികൾ ദുർബലമാകുമ്പോൾ മാത്രമേ കോൺഗ്രസിന് അധികാരത്തിലേക്കുള്ള വഴി തുറക്കൂവെന്നാണ് കോൺഗ്രസിന്റെ വ്യക്തമായ അഭിപ്രായം. അതിനാൽ ജാതിയുടെ പേരിൽ ജനങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
ഒബിസിയിൽ നിന്നും ഒരാൾ മൂന്നാം തവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. ഈ സത്യവുമായി കോൺഗ്രസിന് പൊരുത്തപ്പെടാൻ സാധിക്കുന്നില്ല. കോൺഗ്രസിന്റെ ഉറക്കം നഷ്ടപ്പെട്ടു. ഇപ്പോൾ പ്രതിപക്ഷ പാർട്ടികൾ ഒബിസിക്കെതിരെ രോഷം പ്രകടിപ്പിക്കുകയാണ്. ലഡ്കി ബഹൻ യോജന പദ്ധതി നിർത്തലാക്കാൻ കോടതിയിൽ വരെ കോൺഗ്രസ് കയറി ഇറങ്ങി. കോൺഗ്രസിന്റെയും MVA യുടെയും പ്രവർത്തനങ്ങൾ മൂലമാണ് രാജ്യവും മഹാരാഷ്‌ട്രയും അവരെ തള്ളിക്കളഞ്ഞതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.















