ബെംഗളൂരു : വഖ്ഫ് അധിനിവേശത്തിന്റെ ഇരയായ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാദം. വഖ്ഫ് ക്രൂരതയുടെ വാർത്തകൾ നിരന്തരം പുറത്തുവരുന്ന കർണാടകയിലാണ് പുതിയ സംഭവ വികാസം.
ഹാവേരി ജില്ലയിലെ ഹരനഗി ഗ്രാമത്തിൽ ചന്നപ്പയുടെ മകൻ രുദ്രപ്പയുടെയുടെ ആത്മഹത്യയാണ് ഇപ്പോൾ വിവാദമാകുന്നത്. ഇവരുടേത് പൂർണ്ണമായും കർഷക കുടുംബമാണ്. 2022 ജനുവരിയിലാണ് രുദ്രപ്പ ആത്മഹത്യ ചെയ്‌തത്. ഇദ്ദേഹത്തിന്റെ ഭൂമിക്ക് ഉടമസ്ഥാവകാശം ഉന്നയിച്ചു കൊണ്ട് വഖ്ഫ് ബോർഡ് നോട്ടീസ് നൽകുകയും ഭൂമി ബലമായി പിടിച്ചെടുക്കുകയും ചെയ്തതാണ് ആത്മഹത്യക്ക് കാരണമെന്ന് കന്നഡ മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഈ വാർത്ത ബംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.
എന്നാൽ എന്നാൽ വാർത്ത വ്യാജമാണെന്ന് ഹാവേരി ജില്ലാ പോലീസ് സൂപ്രണ്ട് പറഞ്ഞു. വാർത്ത സത്യത്തിൽ നിന്ന് വളരെ അകലെയാണ്. അങ്ങനെയൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇവിടെ പരാമർശിച്ചിരിക്കുന്ന രുദ്രപ്പ ചന്നപ്പ ബാലികൈ എന്ന കർഷകൻ 2022 ജനുവരി ആറിന് ആത്മഹത്യ ചെയ്തു. വഖ്ഫ് ബോർഡിന് ഭൂമി വിട്ടുനൽകിയതല്ല വായ്പയും കൃഷിനാശവും മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് എസ്പി പറഞ്ഞു.
തുടർന്ന് അഡാർ പൊലീസ് സ്റ്റേഷനിൽ തേജസ്വി സൂര്യ എംപിക്കെതിരെ174 സിആർപിസി പ്രകാരം കേസെടുക്കുകയായിരുന്നു. ഇത് കൂടാതെ കന്നഡ ദുനിയ ഇ-പേപ്പറിന്റെയും കന്നഡ ന്യൂസ് ഇ-പേപ്പറിന്റെയും എഡിറ്റർമാർക്കുമെതിരെ ബിഎൻഎസ് സെക്ഷൻ 353 (2) പ്രകാരം കേസെടുത്തു. ഹാവേരി ജില്ലയിലെ സിഇഎൻ (സൈബർ ക്രൈം, ഇക്കണോമിക് ഒഫൻസസ്, നാർക്കോട്ടിക്) പോലീസ് സ്റ്റേഷനിലാണ് എഡിറ്റർമാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
എന്നാലിപ്പോൾ തേജസ്വി സൂര്യയും മാദ്ധ്യമങ്ങളും പറഞ്ഞത് ശരിവെച്ചു കൊണ്ട് ആത്‍മഹത്യ ചെയ്ത രുദ്രപ്പയുടെ അച്ഛനും അമ്മയും രംഗത്തെത്തി. കുടുംബത്തിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കൃഷിഭൂമിയിൽ രുദ്രപ്പ കൃഷി ചെയ്തുവരികയായിരുന്നു. അതിൽ വിത്തിറക്കി വളർന്നതിന് ശേഷം കൃഷി നശിപ്പിച്ചതായും ഭൂമി തട്ടിയെടുത്ത് വഖ്ഫിന് കൈമാറിയതായും അവർ പറഞ്ഞു. ഇതാണ് രുദ്രപ്പ മരിക്കാൻ കാരണമെന്ന് വഖ്ഫ് ഇരയുടെ അച്ഛനമ്മമാർ പറയുന്നു.
അവരുടെ കുടുംബത്തിലെ ഒരു മുൻ തലമുറക്കാരൻ ഈ കൃഷിഭൂമി (ഏതാണ്ട് അഞ്ചേക്കർ ) 20,000 രൂപയ്‌ക്ക് ഒരു മുസ്ളീം വ്യക്തിയിൽ നിന്ന് വാങ്ങിയിരുന്നു. 1964 മുതൽ 2015 വരെ രുദ്രപ്പയുടെ കുടുംബം ഈ ഭൂമിയിൽ കൃഷി ചെയ്തു. 2015ൽ രേഖകളിൽ വഖ്ഫ് ആസ്തി എന്ന് രേഖപ്പെടുത്തി. അങ്ങിനെയാണ് തങ്ങളുടെ ഭൂമി വഖ്ഫിൽ ചേർത്തിട്ടുണ്ടെന്നറിഞ്ഞതെന്നും അവർ പറഞ്ഞു. രേഖകൾ തിരുത്താൻ നിരവധി ശ്രമങ്ങൾ നടത്തി. പക്ഷെ വഖ്ഫ് ബോർഡ് വഴങ്ങിയില്ല. ഇതോടെ രുദ്രപ്പ വിഷമിക്കുകയും 2022 ജനുവരിയിൽ ആത്മഹത്യ ചെയ്യുകയും ചെയ്തു.
“ഭൂമി വഖ്ഫ് ബോർഡിൽ ചേർത്തതിനാലാണ് ഞങ്ങളുടെ മകൻ മരിച്ചത്. അതുകൊണ്ട് തേജസ്വി സൂര്യ പറഞ്ഞതിൽ തെറ്റില്ല”. മരിച്ച കർഷകന്റെ പിതാവ് ചന്നപ്പ പറഞ്ഞു. ഇതോടെ തേജസ്വി സൂര്യയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന് വഴിത്തിരിവായിരിക്കുകയാണ് ഒരു കന്നഡ സ്വകാര്യ ചാനലിനോടാണ് മരിച്ചയാളുടെ മാതാപിതാക്കൾ സ്‌ഫോടനാത്മക വിവരങ്ങൾ വെളിപ്പെടുത്തിയത് .
രേഖകളിൽ വഖ്ഫ് എന്ന് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കർഷകൻ ആത്മഹത്യ ചെയ്തതെന്ന് തേജസ്വി സൂര്യ തന്റെ എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം വഖ്ഫ് നിയമ ഭേദഗതി സംബന്ധിച്ച സംയുക്ത പാർലിമെന്ററി സമിതി കർണാടകം സന്ദർശിച്ചപ്പോൾ, മരിച്ച രുദ്രപ്പയുടെ കുടുംബാംഗങ്ങൾ പരാതി നൽകി. വഖ്ഫ് ബോർഡ് തങ്ങളോട് കാണിച്ച അനീതി അവർ പരാതിയിൽ അക്കമിട്ടു നിരത്തിയിട്ടുണ്ട്.















