പാലക്കാട്: വഖ്ഫ് ബോർഡിന്റെ അധിനിവേശത്തിന് മുനമ്പത്തെക്കാളും സാദ്ധ്യതയുളള പ്രദേശമാണ് പാലക്കാടെന്ന് ബിഡിജെഎസ് അദ്ധ്യക്ഷനും എൻഡിഎ കൺവീനറുമായ തുഷാർ വെളളാപ്പളളി. പാലക്കാട് രൂപത അദ്ധ്യക്ഷൻ മുനമ്പം ഉൾപ്പെടെയുളള ജനകീയ വിഷയങ്ങൾ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകണമെന്ന പാലക്കാട് രൂപത അദ്ധ്യക്ഷന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു തുഷാർ വെളളാപ്പളളി.
വഖ്ഫ് ബോർഡിന്റെ അവകാശവാദം ഉന്നയിക്കാൻ സാദ്ധ്യതയുളള പ്രദേശമാണ് പാലക്കാട്. നാളെ വഖഫ് ബോർഡ് വന്ന് പാലക്കാട് ടൗണിന്റെ പല ഭാഗങ്ങളും ഞങ്ങളുടേതാണെന്ന് പറയാൻ ഒരുപാട് സാദ്ധ്യതകളുണ്ട്. കാരണം ടിപ്പുവിന്റെ പടയോട്ടകാലത്ത് ഉണ്ടായിട്ടുളള പ്രശ്‌നങ്ങൾ നമുക്ക് അറിയാവുന്നതാണെന്നും തുഷാർ വെളളപ്പളളി പറഞ്ഞു.
മുസ്ലീം, ക്രിസ്ത്യൻ, ഹിന്ദു സമുദായങ്ങളിൽ ഉൾപ്പെടുന്നവരെ ബാധിക്കുന്നതാണ് വഖ്ഫ് വിഷയം. തെരഞ്ഞെടുപ്പ് പ്രചാരണം എന്നതിലുപരി സാധാരണ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമെന്ന നിലയ്‌ക്കാണ് എൻഡിഎ ഈ വിഷയം ഏറ്റെടുക്കുന്നത്. പ്രധാനമന്ത്രി മുൻകൈയ്യെടുത്ത് നടപ്പിലാക്കിയ നിയമത്തെ എതിർത്തത് എൽഡിഎഫും യുഡിഎഫുമാണ്. എൻഡിഎ ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിക്കും. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലും സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും തുഷാർ വെളളാപ്പളളി പറഞ്ഞു.
പാലക്കാട് എൻഡിഎ വിജയിക്കാൻ 100 ശതമാനം സാദ്ധ്യതയുണ്ടെന്നാണ് ബിഡിജെഎസിന്റെ വിലയിരുത്തലെന്ന് തുഷാർ വെള്ളാപ്പളളി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന സാഹചര്യമല്ല ഇന്നുളളത്. ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിൽ വലിയ വിജയമാണ് എൻഡിഎ നേടിയത്. കഴിഞ്ഞ തവണ എൻഡിഎ സ്ഥാനാർത്ഥി പാലക്കാട് തോറ്റുപോയതിലെ വിഷമം തീർക്കാനുളള അവസരമായി ഇത് മാറും.
എൻഡിഎയ്‌ക്ക് എതിര് നിൽക്കുന്ന രണ്ട് പേരും യുഡിഎഫ് സ്ഥാനാർത്ഥികളാണെന്ന് ആയിരുന്നു ഇതേക്കുറിച്ച് തുഷാർ വെളളാപ്പളളിയുടെ പ്രതികരണം. അവര് തന്നെ അങ്ങോട്ടും ഇങ്ങോട്ടും വോട്ട് മറിച്ചുവെന്നാണ് രണ്ട് പേരും പറയുന്നത്. യുഡിഎഫും എൽഡിഎഫും ഒരു ഭാഗത്തും എൻഡിഎ ഒരു ഭാഗത്തുമായിട്ടാണ് മത്സരം നടക്കുന്നതെന്നും തുഷാർ വെളളാപ്പളളി പറഞ്ഞു.















