ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായ ക്ഷേത്രങ്ങളിലെ അരവണപ്രസാദത്തിന്റെ വില വർദ്ധിപ്പിക്കാൻ ദേവസ്വം ബോർഡിന്റെ നീക്കം. 20 രൂപയാകും വർദ്ധിപ്പിക്കുക. ഹൈക്കോടതിയുടെ അനുമതി തേടാൻ ഓഫീസറെയും ചുമതലപ്പെടുത്തി.
നിലയ്‌ക്കൽ, എരുമേലി, പന്തളം, അച്ഛൻകേവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നീ ആറ് ക്ഷേത്രങ്ങളിലെ അരവണ പ്രസാദത്തിന്റെ വിലയാണ് വർദ്ധിപ്പിക്കുക. പുതിയ നീക്കം വഴി ലക്ഷങ്ങൾ സമ്പാദിക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം. നിലവിൽ 65 രൂപയാണ് അരവണ പ്രസാദത്തിന്റെ വില.
എന്നാൽ വിഷയത്തിൽ ദേവസ്വം ബോർഡിന് നേരിട്ട് തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കില്ല. ഹൈക്കോടതിയാണ് അന്തിമ തീരുമാനമെടുക്കുന്നത്. വിഷയം ഹൈക്കോടതിയെ ധരിപ്പിക്കാനായി ദേവസ്വത്തിന്റെ ലോ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അടുത്തിടെ അതീവ രഹസ്യമായി ദേവസ്വം ബോർഡിന്റെ ചർച്ചകൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പടെ നിരവധി പേരാണ് ഈ ക്ഷേത്രങ്ങളിൽ എത്തുന്നത്. ഭക്തരെ പിഴിയുക എന്ന നയമാണ് ദേവസ്വം ബോർഡ് സ്വീകരിക്കുന്നത്. ഹൈക്കോടതി വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കുന്നത്.















