ന്യൂഡൽഹി: ലോകത്തെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ വിപണിയായി ഇന്ത്യ. ആഗോള വിപണിയുടെ 22 ശതമാനം വിഹിതവും കയ്യടക്കി വച്ചിരിക്കുന്ന ചൈനയാണ് ഒന്നാമത്. ഇന്ത്യയുടെ വിഹിതം 15.5 ശതമാനമാണ്. ജൂലൈ-സെപ്റ്റംബർ കാലയളവിലെ കണക്കുപ്രകാരമാണ് അമേരിക്കയെ (12 ശതമാനം) മറികടന്ന് ഇന്ത്യ രണ്ടാമതായി ഉയർന്നത്. ഇക്കൊല്ലം ഇന്ത്യയുടെ സ്മാർട്ട്ഫോൺ വിപണി 7-8 ശതമാനം വരെ വർദ്ധിച്ചേക്കുമെന്നാണ് പ്രതീക്ഷ.
വിപണി പങ്കാളിത്തത്തിന്റെ 18 ശതമാനവും വിവോയുടെ 5G സ്മാർട്ട്ഫോണുകളാണ് കൊണ്ടുപോയത്. തൊട്ടുപിന്നാലെ (17 ശതമാനം) സാംസങ്ങും ഉണ്ട്. പ്രീമിയം വിഭാഗത്തിലുള്ള സ്മാർട്ട്ഫോണുകളുടെ വിപണിയിൽ മുന്നിൽ നിൽക്കുന്നത് ആപ്പിളും സാംസങ്ങുമാണ്.
പ്രീമിയം, 5G, AI സ്മാർട്ട്ഫോണുകൾക്ക് ഡിമാൻഡ് വർദ്ധിച്ചതോടെയാണ് ഇന്ത്യൻ വിപണിയും കുതിക്കുന്നത്. രാജ്യത്തെ മൊബാൽ ഹാൻഡ്സെറ്റ് വിപണി സ്ഥിരമായ വളർച്ച നിലനിർത്തുകയും ചെയ്യുന്നുണ്ട്. ഈ വർഷത്തിലെ മൂന്നാം പാദത്തിൽ ആഗോള സാമ്പത്തിക വെല്ലുവിളികളെയെല്ലാം മറികടന്നുള്ള പ്രകടനമാണ് ഇന്ത്യൻ വിപണി കാഴ്ചവച്ചത്. രാജ്യത്ത് സ്മാർട്ട്ഫോൺ മാർക്കറ്റ് മൂന്നാം ക്വാർട്ടറിൽ 3 ശതമാനം വളർച്ച കൈവരിച്ചു. കൗണ്ടർ പോയിന്റ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇന്ത്യയുടെ സ്മാർട്ട്ഫോൺ വിപണിയെക്കുറിച്ച് വിശദമായി വിലയിരുത്തിയിരിക്കുന്നത്.















