തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇത് വരും മണിക്കൂറിൽ ന്യൂനമർദ്ദമായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. തെക്ക്-കിഴക്ക് അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിൽക്കുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമാണ് മഴ ശക്തമാകാനുള്ള കാരണം.
മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് മഴ ലഭിക്കും. മലയോര മേഖലകളിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ മലയോര പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു.