മുനമ്പത്തെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. പാലക്കാട് ജയിച്ചാൽ മുനമ്പത്തുകാരുടെ നാവായി നിയമസഭയിൽ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ന്യൂനപക്ഷ മന്ത്രിയാണ് സമരത്തെ വർഗീയമായി ചിത്രീകരിച്ചത്. ഒരു വിഭാഗത്തെ മാത്രം പ്രതിനിധീകരിക്കുന്ന തരത്തിലാണ് വി. അബ്ദുറഹിമാൻ പ്രവർത്തിക്കുന്നത്. വഖഫിന്റെ അധിനിവേഷ ശ്രമം എല്ലാ മേഖലയിലെയും ജനങ്ങളെ ആശങ്കയിലാക്കുകയാണ്. ഇതിനെ ചെറുക്കാൻ സാധാരണക്കാരായ മത്സ്യതൊഴിലാളികൾക്കൊപ്പം ബിജെപി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കിടപ്പാടം നഷ്ടപ്പെട്ട് സമരത്തിനിറങ്ങിയവർക്ക് വേമ്ടി ഒരു വാക്ക് പോലും സംസാരിക്കാൻ രണ്ട് മുന്നണികളും തയ്യാറല്ല. സമൂഹത്തിന്റെ ഉന്നതിയിലുള്ളവർക്കോ പണക്കാരനോ വേണ്ടിയുള്ള സമരമല്ല ഇത്. കാലാകലങ്ങളായി അധ്വാനിച്ച് ഉണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുന്നതിലുള്ള ആശങ്കയാണ് മുനമ്പത്തെ സമരം. മുനമ്പം സമരത്തിന് കാരണമായ വഖഫ് നിയമം ഭേദഗതി ചെയ്യുന്നതിനെ എതിർത്തവരാണ് ഇന്ന് നിയമസഭയിൽ ഉള്ളത്. ഇവർക്കൊപ്പം നിൽക്കുകയെന്നുള്ളത് ഏതൊരു പൊതുപ്രവർത്തകന്റെയും ഉത്തരവാദിത്തവും കടമയുമാണ്. ഈ സമരത്തിന് വർഗീയ നിറം നൽകാനുള്ള ശ്രമം നടക്കുകയാണ്. ന്യൂനപക്ഷ മന്ത്രി തന്നെ പ്രത്യേക വിഭാഗത്തിന്റെ സമരമായി ചിത്രീകരിക്കുകയാണ്. ജാതിക്കും മതത്തിനും രാഷ്‌ട്രീയത്തിനും അതീതമാണ് ഈ സമരമെന്ന് തിരിച്ചറിയുകയാണ് വേണ്ടതെന്ന് കൃഷ്ണകുമാർ പറഞ്ഞു.
മുനമ്പത്തെ സമരത്തിന് പിന്നാലെ എല്ലാവരും ആശങ്കയിലാണ്. കൽപ്പാത്തിയിലെ അഗ്രഹാരങ്ങൾ പോലും ഭീതിയിലാണെന്നു അദ്ദേഹം പറഞ്ഞു. വഖ്ഫ് ബില്ലിനെതിരെ ജനങ്ങൾക്ക് ജാഗ്രത പകരാൻ മുനമ്പത്തെ സമരത്തിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വഖ്ഫ് അധിനിവേശത്തിന്റെ യാഥാർത്ഥ്യങ്ങൾ ഇന്ന് രാജ്യം മുഴുവൻ ചർച്ച ചെയ്യപ്പെടുകയാണ്. തളിപ്പറമ്പിലും സമാന രീതിയിൽ അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാൽ ഈ പ്രശ്നങ്ങളെ പൊതുസമൂഹത്തിൽ നിന്നും മറച്ചുവയ്‌ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.















