13 വർഷം നീണ്ട യാത്ര, 40 ലേറെ ചിത്രങ്ങൾ.. ജയപരാജയങ്ങൾ മാറിമറിഞ്ഞ ദുൽഖർ സൽമാന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രമാകുമോ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ. സാക്നിൽക് റിപ്പോർട്ട് പ്രകാരം ചിത്രം ഇറങ്ങി പത്തുദിവസം പിന്നിട്ടപ്പോൾ ആഗോള തലത്തിൽ 76.80 കോടിയാണ് നേടാനായത്. 20 കോടിയാണ് ഓവർസീസ് കളക്ഷൻ. ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ 56.80 കോടിയും. കളക്ഷനിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഇല്ലെങ്കിൽ ദുൽഖർ സൽമാന്റെ ആദ്യ 100 കോടി ചിത്രം പിറക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ലക്കി ഭാസ്കർ മലയാളം, തമിഴ് ഹിന്ദി ഭാഷകളിൽ മൊഴിമാറ്റം ചെയ്ത് പ്രദർശനത്തിന് എത്തിയിട്ടുണ്ട്. പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം വെങ്കി അറ്റ്ലൂരിയാണ് സംവിധാനം ചെയ്തത്. 1980-1990 കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. സിതാര എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ഫോർച്യൂണ്‍ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്നാ ചിത്രം നിർമിച്ചത്. മീനാക്ഷി ചൗധരി നായികയായ ചിത്രത്തിൽ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.