തിരുവനന്തപുരം: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ നിലപാടിനെതിരെ ആഞ്ഞടിച്ച് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങളൊന്നും സിപിഎമ്മിനെ ബാധിക്കുന്ന വിഷയങ്ങളല്ലെന്നും മനുഷ്യത്വം തൊട്ടുതീണ്ടാത്ത ആളുകളാണ് കമ്യൂണിസ്റ്റ് പാർട്ടിയിലുള്ളതെന്നും മുരളീധരൻ വിമർശിച്ചു. തന്റെ യൂട്യൂബ് ചാനലിൽ വിഎൻ ടോക്സ് എന്ന പരിപാടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പി പി ദിവ്യയെ എല്ലാ പാർട്ടി പദവികളിൽ നിന്നും ഒഴിവാക്കിയെന്ന് പറയുന്നവർ ദിവ്യ ജയിൽ മോചിതയായപ്പോൾ എന്തിനാണ് സ്വീകരിക്കാൻ പോയത്. നവീൻ ബാബുവിനെ നാവ് കൊണ്ട് കൊലപ്പെടുത്തിയ പ്രതിയാണ് സിപിഎമ്മിന്റെ ആളായ ദിവ്യ. പാർട്ടിയിലെ സഹയാത്രികരായ ആളുകളെ വരെ സിപിഎം വഞ്ചിക്കുകയാണ്.
സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങളൊന്നും അവർക്ക് ഗൗരവകരമായി തോന്നുന്നില്ല. നവീൻ ബാബുവിന്റെ കുടുംബം നേരിട്ട ആഘാതത്തിന് പരിഹാരം കണ്ടെത്താൻ സർക്കാരിന് കഴിയുന്നില്ല. നവീൻ ബാബുവിന്റെ വീട്ടിൽ പോയി കരഞ്ഞ റവന്യൂ മന്ത്രിയ്‌ക്ക് മിണ്ടാട്ടം മുട്ടി പോയോ എന്നറിയില്ല.
നവീൻ ബാബു അഴിമതിക്കാരനല്ലെന്ന് അദ്ദേഹത്തിന്റെ കുടുംബത്തിനും വേണ്ടപ്പെട്ട ആളുകൾക്കും മാത്രമേ അറിയുകയുള്ളൂ. സിപിഎമ്മിന് എപ്പോഴും പാർട്ടിയാണ് ഏറ്റവും വലുത്. കുറ്റം ചെയ്തിട്ടുണ്ടെങ്കിലും പി പി ദിവ്യ സിപിഎമ്മിന് ഇപ്പോഴും വേണ്ടപ്പെട്ട ആള് തന്നെയാണ്.
ടി പി ചന്ദ്രശേഖരൻ പാർട്ടി വിട്ടുപോയപ്പോൾ 51 വെട്ട് വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കുഞ്ഞനന്തനെ നാട്ടിലെ കണ്ണിലുണ്ണി എന്നാണ് എം വി ഗോവിന്ദൻ വിശേഷിപ്പിച്ചത്. ആ എംവി ഗോവിന്ദന്റെ ഭാര്യയാണ് ദിവ്യയെ സ്വീകരിക്കാൻ ജയിൽ വാതിലിൽ ചെന്ന് കാത്തുനിന്നത്. ചോര വീഴ്‌ത്തുന്നവരെ ഹീറോകളാക്കുന്നവരാണ് പിണറായിക്കൂട്ടം.
ആര് ചോര വീഴ്‌ത്തിയാലും അവർക്കൊപ്പം സിപിഎം നിൽക്കുമെന്നാണ് അവർ തെളിയിച്ചുകൊണ്ടിരിക്കുന്നത്. സിപിഎമ്മിന്റെ അധോലോക സംഘമാണ് അവർക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഈ കേസിൽ ഉറപ്പായും ഗൂഢാലോചന നടന്നിട്ടുണ്ട്. കേരളം കാത്തിരിക്കുന്ന ഒരുപാട് ചോദ്യങ്ങൾക്ക് സിപിഎം ഉത്തരം നൽകേണ്ടതുണ്ടെന്നും വി മുരളീധരൻ പറഞ്ഞു.















