തിരുവനന്തപുരം: കണ്ണൂർ തളിപ്പറമ്പിലെ താലൂക്ക് ഓഫീസ് വരെ വഖ്ഫ് ചെയ്ത ഭൂമിയിലാണെന്നാണ് പറയുന്നതെന്ന് വത്സൻ തില്ലങ്കേരി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ മുസ്ലീം വോട്ടിനായി മഹാ വികാസ് അഘാഡി സഖ്യത്തിന് മുൻപിൽ ഉലമ ബോർഡ് നിബന്ധനകൾ വെച്ച വിഷയത്തിൽ ജനം ടിവിയുടെ സൺഡേ ഡിബേറ്റിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വഖ്ഫ് നിയമഭേദഗതി പിൻവലിക്കണമെന്നും 10 ശതമാനം മുസ്ലിം സംവരണം നടപ്പാക്കണമെന്നും ആർഎസ്എസിനെ നിരോധിക്കണമെന്നും അടക്കമുളള നിബന്ധനകളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.
തളിപ്പറമ്പിൽ നോട്ടീസിൽ മുസ്ലീങ്ങളല്ല, നരിക്കോട് ഇല്ലത്തെ ഒരു തിരുമേനിയാണ് വഖ്ഫ് ചെയ്തിരിക്കുന്നതെന്നാണ് പറയുന്നത്. നൂറുകണക്കിന് ഏക്കറാണ് അവിടെ വഖ്ഫ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. താലൂക്ക് ഓഫീസും ഇതിൽ വരും. ഭൂമി ഒഴിയാൻ നോട്ടീസ് കൊടുത്ത ഒരാൾ ജീവനൊടുക്കിയ സാഹചര്യം വരെയുണ്ടെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു.
ആരെങ്കിലും ഇതിന് എതിരെ സംസാരിച്ചാൽ വർഗീയമാകും. ഇങ്ങനുളള ഇരകൾക്ക് അവരുടെ കൂടെ നിൽക്കാൻ ആരാണ് ഉളളതെന്ന് വത്സൻ തില്ലങ്കേരി ചോദിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയാണ് അവിടുത്തെ എംഎൽഎ. അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലത്തിലാണല്ലോ ഇതൊക്കെ നടക്കുന്നത്. എന്നിട്ടെന്താണ് പ്രതികരിക്കാത്തതെന്ന് വത്സൻ തില്ലങ്കേരി ചോദിച്ചു.
ഇവിടുത്തെ ദേശീയവാദികളും ഹിന്ദു സംഘടനകളും ഇരകളുടെ കൂടെ നിന്ന് ശബ്ദമുയർത്തുമ്പോൾ മാത്രമാണ് ഇക്കാര്യങ്ങൾ പുറത്തേക്ക് വരുന്നത്. മുനമ്പത്ത് 10 ദിവസം സമരം ചെയ്തിട്ട് ആരെങ്കിലും തിരിഞ്ഞുനോക്കിയോ. ജനം ടിവിയും ബിജെപിയുമൊക്കെ ഈ വിഷയത്തിൽ ഇടപെട്ടതിന് ശേഷമാണ് സംഭവം പുറത്തുവന്നത്. അല്ലെങ്കിൽ മൂടിവെയ്ക്കുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്ലീങ്ങൾക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ മാത്രമാണ് ഇവർക്ക് കൊളളുന്നത്. ബാക്കിയുളളവർ എന്താണെങ്കിലും അനുഭവിക്കട്ടെ എന്നാണ്. അവർക്ക് സംഘടിതമായി വോട്ടില്ലെന്നതാണ് കാരണം. മുസ്ലീങ്ങൾ വരച്ച വരയിൽ നിർത്തി കോൺഗ്രസിനെക്കൊണ്ട് കാര്യങ്ങൾ നേടിയെടുത്ത ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ അത് കഴിഞ്ഞുവെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു. ചരിത്രത്തിലെ പരാജയങ്ങളിൽ നിന്ന് കോൺഗ്രസ് ഒരു പാഠവും പഠിക്കുന്നില്ല. വീണ്ടും വീണ്ടും പ്രീണനങ്ങളിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. അത് അവരെ നാശത്തിന്റെ കുഴിയിലെത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തളിപ്പറമ്പ് ടൗണിലെ 600 ഏക്കറോളം ഭൂമി വഖ്ഫ് ചെയ്തതാണെന്ന ജമാഅത്ത് പളളിയുടെ അവകാശവാദം പുറത്തുവന്നത്. നിലവിലെ താമസക്കാർ വില കൊടുത്ത് വാങ്ങിയ സ്ഥലവും പതിവായി കരമടച്ച് വന്നിരുന്ന സ്ഥലങ്ങളും ഇതിലുൾപ്പെടും. പളളിയും ഇല്ലവും തമ്മിൽ നിലനിന്ന തർക്കം തീർക്കാൻ കോടതിയിൽ നിന്ന്് ലഭിച്ച സെറ്റിൽമെന്റ് ആധാരം മറയാക്കിയാണ് വഖ്ഫ് ഭൂമിയാണെന്ന അവകാശവാദം ഉന്നയിക്കുന്നത്.