കെബെര്‍ഹ: രണ്ടാം ടി20യിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ വരിഞ്ഞു മുറുക്കി ദക്ഷിണാഫ്രിക്ക. നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനെ ഇന്ത്യക്ക് സാധിച്ചുള്ളു. 45 പന്തിൽ 39 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് ടോപ് സ്കോറർ. പന്തുകൾ പാഴാക്കിയതിനും അവസാന ഓവറുകളിൽ അർഷദീപ് സിംഗിന് സ്ട്രൈക്ക് കൈമാറാത്തതിനും താരത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നിട്ടുണ്ട്.
പ്രോട്ടീസ് ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോൾ ഇന്ത്യ വെള്ളം കുടിക്കുകയായിരുന്നു. ഫീൾഡിംഗിലും അവർ മികച്ച പ്രകടനം നടത്തിയതോടെ ഇന്ത്യ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. തിലക് വർമ(20 പന്തിൽ 20), അക്സർ പട്ടേൽ(27), റിങ്കു സിംഗ് (9), അർഷ ദീപ് (7) എന്നിവരാണ് മറ്റ് സ്കോറർമാർ.
ആദ്യ മത്സരത്തിലെ സെഞ്ച്വറിക്കാരൻ സഞ്ജു സാംസണിന്റെ വിക്കറ്റോടെയാണ് ഇന്നിംഗ്സിന് തുടക്കമാകുന്നത്. മാർക്കോ യാൻസനാണ് താരത്തെ ആദ്യ ഓവറിൽ ബൗൾഡാക്കിയത്. മൂന്ന് പന്തായിരുന്നു സഞ്ജുവിന്റെ ആയുസ്. അഭിഷേക് ശർമ ഒരു ബൗണ്ടറി മാത്രം നേടി ഒരിക്കൽകൂടി നിരാശപ്പെടുത്തി.
4 റൺസെടുത്ത താരത്തെ ജെറാൾഡ് കോർട്സി യാൻസന്റെ കൈയിലെത്തിച്ചു. ക്യാപ്റ്റൻ സൂര്യകുമാറിനും അധിക നേരം പിടിച്ചുനിൽക്കാനായില്ല. ആന്‍ഡില്‍ സിമെലന്‍ താരത്തെ എൽബിയിൽ കുരുക്കി. 4 റൺസായിരുന്നു സമ്പാദ്യം. യാൻസൻ, കോർടീസി, സിമെലൻ, എയ്ഡൻ മാർക്രം, എന്‍കബയോംസി പീറ്റര്‍ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.