ന്യൂഡൽഹി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെയും വിദ്യാർത്ഥി നിധി ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ നൽകിവരുന്ന പ്രൊഫ. യശ്വന്ത് റാവു ഖേൽക്കർ യുവ പുരസ്‌കാരത്തിന് താനെ സ്വദേശിയും ട്രെയിനിംഗ് ആൻഡ് എഡ്യൂക്കേഷണൽ സെന്റർ ഫോർ ഹിയറിംഗ് എംപയേർഡ് സഹസ്ഥാപകനുമായ ദീപേഷ് നായരെ തെരഞ്ഞെടുത്തു. പുരസ്‌കാര നിർണയ സമിതിയാണ് വിദ്യാഭ്യാസ പ്രവർത്തകനായ ദീപേഷ് നായരെ വിജയിയായി തെരഞ്ഞെടുത്തത്.
ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നവംബർ 22, 23, 24 തീയതികളിൽ നടക്കുന്ന 70 ാം എബിവിപി ദേശീയ സമ്മേളനത്തിൽ ദീപേഷ് നായർക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കും. എബിവിപി മുൻ ദേശീയ അധ്യക്ഷനായ പ്രൊഫസർ യശ്വന്ത് റാവു ഖേൽക്കറുടെ സ്മരണാർഥം 1991 മുതലാണ് പുരസ്‌കാരദാനം ആരംഭിച്ചത്.
എബിവിപിയെ സുശക്തമാക്കുന്നതിനും വിപുലീകരിക്കുന്നതിനും സുപ്രധാന പങ്ക് വഹിച്ച യശ്വന്ത് റാവു ഖേൽക്കർ വിദ്യാർത്ഥി സമൂഹത്തിന്റെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ഉദാത്തമായ സംഭാവനകളും നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക സേവന രംഗത്തും സ്തുത്യർഹമായ സംഭാവനകൾ നൽകിവരുന്ന ഭാരതത്തിലെ യുവ സംരംഭകരെ അനുമോദിക്കുവാനും അതുവഴി അവരുടെ പ്രവർത്തനങ്ങൾക്ക് നവ ഊർജ്ജം പകരാനുമാണ് പുരസ്‌കാരത്തിലൂടെ എബിവിപി ലക്ഷ്യമിടുന്നത്.
ദീപേഷ് നായർ ട്രെയിനിംഗ് ആൻഡ് എഡ്യൂക്കേഷണൽ സെന്റർ ഫോർ ഹിയറിംഗ് എംപയേർഡ് (TEACH) എന്ന പേരിൽ ബധിര വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയുടെ സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമാണ്. കെ.ജി സോമയ്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എംബിഎ പൂർത്തിയാക്കിയ അദ്ദേഹത്തിന് കോർപ്പറേറ്റ് മേഖലയിൽ 12 വർഷത്തെ പ്രവർത്തന പരിചയമുണ്ട്. ജെ.പി മോർഗൻ ബാംഗിങ് സൊല്യൂഷൻസ്, സിറ്റി ബാങ്ക് മുതലായ പ്രമുഖ സ്ഥാപനങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഡൽഹി മഹാരാഷ്‌ട്രയിലെ താനെ, പൂനെ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ TEACH ന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. ഹയർസെക്കൻഡറി പരീക്ഷകളിൽ 100 ശതമാനവും ബിരുദ പരീക്ഷകളിൽ 90 ശതമാനത്തിനടുത്ത് വിദ്യാർത്ഥികൾക്കും TEACH ന്റെ സഹായത്തിൽ മികച്ച വിജയം കരസ്ഥമാക്കുവാൻ സാധിച്ചിട്ടുണ്ട്.
എബിവിപി ദേശീയ പ്രസിഡന്റ് പ്രൊഫ. രാജ് ശരൺ ഷാഹി, ദേശീയ ജനറൽ സെക്രട്ടറി ഡോ. വീരേന്ദ്ര സിംഗ് സോളങ്കി, ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാൻ പുരസ്‌കാര നിർണയ സമിതി കൺവീനറും മുൻ എബിവിപി ദേശീയ അധ്യക്ഷനുമായ പ്രൊഫ. മിലിന്ദ് മറാഠെ തുടങ്ങിയവർ ദീപേഷ് നായരെ അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.















