അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം സുമതി വളവിലേക്ക് അഭിനേതാക്കളെ തേടുന്നു. കാസ്റ്റിംഗ് കോൾ പോസ്റ്റർ പങ്കുവച്ചുകൊണ്ട് അഭിലാഷ് പിള്ളയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. സുമതി വളവിലേക്ക് സ്വാഗതമെന്നും വളവ് കടക്കാൻ ഭയമില്ലാത്ത ധൈര്യശാലികൾക്ക് പ്രായഭേദമന്യേ മുന്നോട്ട് വരാമെന്നും പോസ്റ്ററിൽ പറയുന്നു.
‘ഭയം, ഹാസ്യം എന്നിവയെ അടിസ്ഥാനമാക്കി നിങ്ങളുടെ അഭിനയ പ്രതിഭയെ പ്രദർശിപ്പിച്ചുകൊണ്ട് ഒരു മിനിറ്റ് ദൈർഘ്യമുള്ള കണ്ടെന്റുകൾ ക്രിയേറ്റ് ചെയ്ത് സുമതി വളവിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യുക. അതിനോടൊപ്പം സുമതി വളവിന്റെ ഒഫീഷ്യൽ വാട്സപ്പ് നമ്പറിലേക്കും അതേ വീഡിയോയുടെ ഇൻസ്റ്റഗ്രാം ലിങ്ക് ഷെയർ ചെയ്യുക’- എന്നാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിന്റെ ഒഫീഷ്യൽ വാട്സപ്പ് നമ്പറും( 7593848282) അയക്കേണ്ട അവസാന തീയതിയും പോസ്റ്ററിൽ പറയുന്നുണ്ട്.

മാളികപ്പുറം ടീം വീണ്ടുമൊന്നിക്കുന്ന ഹൊറർ ചിത്രമാണ് സുമതി വളവ്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രം ഹൊറർ കോമഡി ജോണറിലാണ് ഉൾപ്പെടുന്നത്. വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്ത് നിർമിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ, മാളവിക മനോജ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകൻ രഞ്ജിൻ രാജ് എന്നിവർ സുമതി വളവിലൂടെ വീണ്ടും ഒരുമിച്ചെത്തുമ്പോൾ ഒരു ത്രില്ലർ സസ്പെൻസ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.















