തിരുവനന്തപുരം: വഖ്ഫ് വിഷയത്തിൽ സംയുക്ത സമരത്തിന് തയ്യാറാറെടുത്ത് ക്രൈസ്ത സഭകളും, വിവിധ രൂപതകളും. വഖഫ് അധിനിവേശത്തിനെതിരെ മുനമ്പത്ത് ഓരോ ദിവസവും സമരം ശക്തമാക്കുന്നതിനിടയിലാണ് സർക്കാരിന് താക്കീത് നൽകി ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാർ നേരിട്ട് സമരത്തിന് ഇറങ്ങാൻ തയ്യാറെടുക്കുന്നത്. ഈ മാസം 28ലേക്ക് മാറ്റിയ ഉന്നതതല യോഗത്തിലും അനുകൂല തീരുമാനങ്ങളുണ്ടായില്ലെങ്കിൽ സമരത്തിന്റെ ഗതി മാറുമെന്നാണ് സഭാ നേതൃത്വം അറിയിച്ചിരിക്കുന്നത്.
വിവിധ സഭ അദ്ധ്യക്ഷന്മാരും, വൈദികരും സമരനേതൃത്വം ഏറ്റെടുക്കും. 28ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ സമര പരിപാടികളിലേക്ക് കടക്കാനാണ് തീരുമാനം. സംസ്ഥാന വ്യാപകമായി പ്രതിഷേധ സംഗമം സംഘടിപ്പിക്കാനും ആലോചനയുണ്ട്. കഴിഞ്ഞദിവസം വിവിധ ദേവാലയങ്ങളിൽ മുനമ്പം വിഷയത്തെ സർക്കാർ നടപടി പ്രതിഷേധിച്ച് ഇടയ ലേഖനങ്ങൾ വായിച്ചിരുന്നു.
വഖ്ഫ് വിഷയത്തിൽ സർക്കാരിന് ക്രൈസ്തവ സഭകളുടെ അന്ത്യശാസനം. വഖ്ഫ് വിഷയത്തിൽ സമവായമെന്ന നിലപാട് ആവർത്തിക്കുന്ന സർക്കാർ ഇതുസംബന്ധിച്ച ചർച്ചകൾ നീട്ടിക്കൊണ്ടു പോകുന്നതിലും മുനമ്പത്തെ തീരദേശവാസികളും, സമര രംഗത്തുള്ള വിവിധ ക്രൈസ്തവ സഭകളും കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. ഈ മാസം 16ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഓൺലൈനായി ചേരാൻ നിശ്ചയിച്ച യോഗമാണ് 28 ലേക്ക് മാറ്റിയത്. റവന്യൂ, നിയമം, തദ്ദേശം, വഖ്ഫ് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.