ന്യൂഡൽഹി: ഉത്തരാഖണ്ഡിന്റെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വച്ച ഒൻപത് നിർദേശങ്ങളിൽ സംസ്ഥാന സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. സംസ്ഥാനത്തിന്റെ ആകെ വികസനം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നൽകിയ നിർദേശങ്ങൾ ഭാവിയിൽ ഉത്തരാഖണ്ഡിനെ പുരോഗതിയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പ്രാദേശിക ഭാഷകളുടെ സംരക്ഷണം, ഓരോ മേഖലകളിലേയും വികസനം, ടൂറിസം തുടങ്ങീ വ്യത്യസ്ത വിഷയങ്ങളിൽ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കൈമാറിയതായും പുഷ്‌കർ സിങ് ധാമി കൂട്ടിച്ചേർത്തു.
ഉത്തരാഖണ്ഡിനുള്ള വികസന മാർഗ നിർദേശമാണിതെന്നും, ഒൻപത് നിർദേശങ്ങൾക്കും സർക്കാർ മുൻഗണന നൽകുമെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സംസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് പ്രധാനമന്ത്രി സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടിയും പ്രദേശത്തെത്തുന്ന വിനോദസഞ്ചാരികൾക്കും തീർത്ഥാടകർക്കും വേണ്ടി നിർദേശങ്ങൾ മുന്നോട്ട് വച്ചത്.
ഭാവി തലമുറയിലെ കുട്ടികൾക്ക് ഗർവാലി, കുമൗനി , ജൗൻസാരി തുടങ്ങിയ ഭാഷകൾ പഠിപ്പിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ സാംസ്‌കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്ന് ഉത്തരാഖണ്ഡിലെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർത്ഥിച്ചു. പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കണമെന്നും, കാലാവസ്ഥാ വ്യതിയാനത്തെ ഇതുവഴി ചെറുക്കാനാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതിനായി അമ്മയുടെ പേരിൽ ഒരു മരം നടണമെന്നും, ജലസ്രോതസുകൾ സംരക്ഷിക്കണമെന്നും അദ്ദേഹം പറയുന്നു.
ജനങ്ങൾ ഗ്രാമങ്ങളിൽ നിന്ന് അകലരുത്. പഴയവീടുകൾ ഹോം സ്‌റ്റേകൾ ആക്കണം. ഇത് ടൂറിസത്തിനുള്ള പ്രോത്സാഹനമാണ്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന തരം പ്ലാസ്റ്റിക്കുകൾ പൂർണമായും ഒഴിവാക്കണം. പ്രാദേശിക ഉത്പന്നങ്ങളായിരിക്കണം എല്ലാക്കാലത്തും പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്. ട്രാഫിക് നിയമങ്ങൾ പാലിക്കണം. തീർത്ഥാടന കേന്ദ്രങ്ങൾ ശുചിയായി സംരക്ഷിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. പരിസ്ഥിതിയെ സംരക്ഷിച്ച് കൊണ്ട് ഒരു പ്രദേശത്തിന്റെ വികസനം നടപ്പാക്കുന്നത് ഇത് വഴി സാധ്യമാകുമെന്നും പ്രധാനമന്ത്രി പറയുന്നു.