ന്യൂഡൽഹി: വികസിത ഭാരതമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവതയുടെ കഴിവുകളും നൈപുണ്യം വളർത്തിയെടുക്കുന്നത് വികസിത ഭാരതമെന്ന സ്വപ്‌നത്തിന് ആക്കം കൂട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിൽ ശ്രീസ്വാമി നാരായൺ മന്ദിറിന്റെ 200-ാമത് വാർഷികാഘോഷ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” വികസിത ഭാരതത്തിനായി നാം ഓരോരുത്തരും ആളുകളെ പ്രോത്സാഹിപ്പിക്കണം. യുവമനസുകളിൽ വികസിത ഭാരതമെന്ന സ്വപ്‌നം വളർത്തിയെടുക്കണം. അത് സാക്ഷാത്കരിക്കാനായി ഓരോ നിമിഷവും നാം ജീവിക്കണം. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ രാജ്യത്തെ ഓരോ ജനങ്ങളുടെയും സംഭാവനകൾ വളരെ വലുതാണ്. എല്ലാവർക്കും ഒരേ മനസോടെ പ്രവർത്തിക്കാനും മുന്നേറാനും സാധിക്കട്ടെ.”- പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ സ്വയംപര്യാപ്തമാക്കുന്നതാണ് വികസിത ഭാരതത്തിലേക്കുള്ള ആദ്യത്തെ ചുവടുവയ്പ്പ്. ജാതിയുടെ പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ആളുകളുടെ പ്രവർത്തനങ്ങൾ പരാജയപ്പെടുത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുവമനസുകളുടെ സഹായത്തോടെ മാത്രമേ ഒരു രാഷ്‌ട്രത്തിന് വികസനത്തിലേക്ക് പോകാൻ സാധിക്കുകയുള്ളൂ. ഇതിനായി യുവാക്കളെ പഠിപ്പിക്കുന്നതിലും അവരുടെ നൈപുണ്യം വളർത്തിയെടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം. മയക്കുമരുന്ന് പോലുള്ള ലഹരി വസ്തുക്കളിൽ നിന്നും ഇന്നത്തെ തലമുറയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി കേന്ദ്രസർക്കാർ നിരന്തരം പരിശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.















