ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രം ഉൾപ്പെടയുള്ള ഇന്ത്യയിലെ ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. നിരോധിത ഭീകര സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (SFJ) പുറത്തുവിട്ട വീഡിയോയിലാണ് ഭീഷണി സന്ദേശം. നവംബർ 16, 17 തീയതികളിൽ ആക്രമണം ഉണ്ടാകുമെന്നാണ് പന്നൂന്റെ ഭീഷണി. ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന വീഡിയോ കാനഡയിലെ ബ്രാംപ്‌ടണിലാണ് റെക്കോർഡ് ചെയ്തിരിക്കുന്നത്.
“ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന്റെ ജന്മസ്ഥലമായ അയോദ്ധ്യയുടെ അടിത്തറ ഞങ്ങൾ ഇളക്കും,” പന്നൂന്റെ ഭീഷണി സന്ദേശത്തിൽ പറയുന്നു. വീഡിയോയിൽ ഈ വർഷം ജനുവരിയിൽ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി പ്രാർത്ഥിക്കുന്ന ചിത്രങ്ങളുമുണ്ട്. കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ഖാലിസ്ഥാനി ആക്രമണങ്ങളിൽ പ്രതിഷേധിച്ച ഇന്ത്യക്കാർക്കെതിരെയും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞമാസം 1984 ലെ സിഖ് വംശഹത്യയുടെ 40-ാം വാർഷിക സമയത്ത് എയർ ഇന്ത്യാ വിമാനത്തിനെതിരെയും പന്നൂൻ ഭീഷണി മുഴക്കിയിരുന്നു. നവംബർ 1 നും 19 നും ഇടയിൽ എയർ ഇന്ത്യ വിമാനങ്ങളിൽ യാത്രചെയ്യരുതെന്നായിരുന്നു മുന്നറിയിപ്പ്. ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെ അക്രമം നടത്താനും ഭീകര നേതാവ് ആഹ്വാനം ചെയ്തിരുന്നു.
ഖാലിസ്ഥാനി ആശയം നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെ പന്നൂൻ നിരവധി ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. സാമുദായിക സൗഹാർദം തകർക്കാൻ ലക്ഷ്യമിട്ട് മുൻപും ഇയാൾ വിവാദ, പ്രകോപനകരമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. 2020 ജൂലൈയിലാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (UAPA) പ്രകാരം പന്നൂനെ ഭീകരനായി പ്രഖ്യാപിച്ചത്. ഇയാൾക്കെതിരെ ഒന്നിലധികം അറസ്റ്റ് വാറന്റുകളും ഇന്ത്യ പുറപ്പെടുവിച്ചിട്ടുണ്ട്.