കൊച്ചി: 52-ാമത് സ്കൂൾ കായികമേളയുടെ സമാപപനച്ചടങ്ങിനിടെ സംഘർഷം. പോയിന്റുകൾ നൽകിയതിലെ കല്ലുകടിയാണ് സംഘർഷത്തിനിടയാക്കിയത്. പ്രതിഷേധം രൂക്ഷമായതോടെ വിദ്യാർത്ഥികളെ പൊലീസുകാർ മർദ്ദിക്കുന്ന സാഹചര്യവുമുണ്ടായി. സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരിഗണിച്ചതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. സംഘർഷത്തെ തുടർന്ന് മന്ത്രി വി ശിവൻകുട്ടിയെ വേദിയിൽ നിന്നും മാറ്റി.
കഴിഞ്ഞ വർഷം വരെ സ്കൂൾ കിരീടത്തിനായി സ്പോർട്സ് സ്കൂളുകളെ പരിഗണിച്ചിരുന്നില്ല. കായികമേള തുടങ്ങുന്നതിന് മുൻപും ഇത് സംബന്ധിച്ച യാതൊരു പ്രഖ്യാപനവും ഉണ്ടായിരുന്നില്ല. എന്നാൽ സമാപന സമ്മേളനം തുടങ്ങി പകുതിയായപ്പോഴായാണ് സ്പോർട്സ് സ്കൂളുകളെയും സ്കൂൾ കിരീടത്തിനായി പരിഗണിക്കുന്നുവെന്ന വിവരം പുറത്തുവരുന്നത്. ജി വി രാജ സ്കൂളിന് രണ്ടാം സ്ഥാനം നൽകാനാണ് തീരുമാനം ഉണ്ടായത്. എന്നാൽ ചരിത്രത്തിലാദ്യമായി തിരുനാവായ നാവാ മുകുന്ദ സ്കൂൾ പോയിന്റ് അടിസ്ഥാനത്തിൽ രണ്ടാമതെത്തിയിരുന്നു. ജി വി രാജ സ്കൂൾ 55 പോയിന്റുകളാണ് നേടിയത്.
ഇതോടെ രണ്ടും മൂന്നും സ്ഥാനം പ്രതീക്ഷിച്ചിരുന്ന സ്കൂളുകൾക്ക് മൂന്നും നാലും സ്ഥാനമാണ് ലഭിച്ചത്. സ്പോർട്സ് സ്കൂൾ വിഭാഗത്തിലായിട്ടും ജിവി രാജയെ കിരീടത്തിനായി പരിഗണിച്ചതാണ് സംഘർഷങ്ങൾക്ക് വഴിവച്ചത്. ജിവി രാജയ്ക്ക് രണ്ടാം സ്ഥാനം നൽകിയതിൽ ഉദ്യോഗസ്ഥരുടെ കളിയെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. നാവാ മുകുന്ദ, മാർ ബേസിൽ സ്കൂളുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.