വയനാട്: കൊട്ടിക്കലാശത്തിന്‍റെ ആവേശത്തിൽ വയനാടും ചേലക്കരയും. ആയിരക്കണക്കിന് പ്രവർത്തകരെ അണിനിരത്തി റോഡ് ഷോയോടെയാണ് ബിജെപിയുടെ കൊട്ടിക്കലാശത്തിന്റെ കൊടിയിറങ്ങിയത്. ഒരു മാസത്തോളം നീണ്ട വാശിയേറിയ ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിനാണ് പരിസമാപ്തിയായത്.
വയനാട് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് ബൈക്ക് റാലിയുടെ അകമ്പടിയിലാണ് കൊട്ടിക്കലാശം നടന്ന ബത്തേരിയിലെത്തിയത്. വനിതാ പ്രവർത്തകർ ഉൾപ്പെടെ നിരവധി ആളുകൾ കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. എൻഡിഎ സ്ഥാനാർത്ഥി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും വളരെയധികം ആത്മവിശ്വാസം തങ്ങൾക്കുണ്ടെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു.
ചേലക്കരയിൽ നടന്ന കൊട്ടിക്കലാശത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കെടുത്തു. ചെണ്ടമേളത്തോടെയായിരുന്നു ചേലക്കരയിൽ ബിജെപിയുടെ കൊട്ടിക്കലാശം നടന്നത്. കൊടി തോരണങ്ങൾ ഉയർത്തിയും മധുരം വിളംബിയും ആവേശത്തിലായ പ്രവർത്തകർ ചടുലമായി ചുവട് വച്ച് ആഘോഷങ്ങൾ കൊഴുപ്പിച്ചു.
ജനങ്ങളുടെ വലിയ പിന്തുണയാണ് എൻഡിഎ സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്നതെന്ന് യുവമോർച്ചയുടെ ദേശീയ സെക്രട്ടറി ശ്യംരാജ് പറഞ്ഞു. വലിയ തെരഞ്ഞെടുപ്പ് പ്രചാരണമാണ് ബിജെപി നടത്തിയത്. വലിയ വിജയം ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ഇടതുവലത് സ്ഥാനാർത്ഥികളോട് ജനങ്ങൾക്ക് വിരോധമാണെന്നും ശ്യംരാജ് പറഞ്ഞു.