കണ്ണൂർ: വീടിന്റെ ടെറസിൽ നിന്നും കാൽ വഴുതി താഴേക്ക് വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒഴക്രോം സ്വദേശിനി ശാന്ത (55) യാണ് മരിച്ചത്. ടെറസിൽ കയറി പപ്പായ പറിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. വീടിനോട് ചേർന്നായിരുന്നു പപ്പായ മരമുണ്ടായിരുന്നത്. പപ്പായ പറിക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതുകയും ബാലൻസ് നഷ്ടപ്പെട്ട് താഴേക്ക് വീഴുകയുമായിരുന്നു.
അതേസമയം തൃശൂരിൽ സമാനമായ മറ്റൊരു സംഭവത്തിൽ കിണറ്റിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു. പൈനോത്ത് വടക്കേത്തല വീട്ടിൽ മോളി(57 ) യെയാണ് 50 അടി താഴ്ചയുള്ള കിണറ്റിൽ നിന്നും രക്ഷിച്ചത്. കിണറ്റിലെ മോട്ടോർ പമ്പിന്റെ പൈപ്പിൽ പിടിച്ച് കിടന്നതാണ് വീട്ടമ്മയ്ക്ക് രക്ഷയായത്. ഇവരെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയ ശേഷം കരയ്ക്ക് കയറ്റുകയായിരുന്നു. കാര്യമായ പരിക്കുകൾ ഇല്ല. വീട്ടമ്മയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.















