ബംഗലൂരു; കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമിയെ നിറത്തിന്റെ പേരിൽ അവഹേളിച്ച് കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ സമീർ അഹമ്മദ് ഖാൻ. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് കുമാരസ്വാമിയെ സമീർ അഹമ്മദ് അവഹേളിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി ബിജെപിയും ജെഡിഎസും രംഗത്തെത്തി.
കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനായ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുളള നേതാക്കളുടെ നിറമെന്താണെന്ന് ചോദിച്ചായിരുന്നു ജെഡിഎസിന്റെ മറുപടി. കർണാടക കോൺഗ്രസിലെ കറുത്ത നിറമുളള നേതാക്കളുടെ പട്ടികയും ജെഡിഎസ് പുറത്തുവിട്ടു. ഇവരെയൊക്കെ ഇങ്ങനെയാണോ സമീർ ഖാൻ അഭിസംബോധന ചെയ്യുകയെന്ന് ചോദിച്ചുകൊണ്ടായിരുന്നു സമൂഹമാദ്ധ്യമങ്ങളിലൂടെ ജെഡിഎസിന്റെ പ്രതികരണം. സമീർ ഖാനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ജെഡിഎസ് ആവശ്യപ്പെട്ടു.
ഛന്നപട്ടണം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സമീർ അഹമ്മദ് ഖാന്റെ വിവാദ പരാമർശം. സംഭവം ജനങ്ങൾക്കിടയിൽ ചർച്ചയായതോടെ കോൺഗ്രസും സമീർ ഖാനും വെട്ടിലായിരിക്കുകയാണ്. മനുഷ്യരുടെ തൊലിയുടെ നിറം കറുപ്പും വെളുപ്പുമാണെന്നും ഇത്തരം തരംതാണ ചിന്താഗതിയുളള ഒരു വ്യക്തിയെ ഉടനടി പുറത്താക്കണമെന്നും ജെഡിഎസ് ആവശ്യപ്പെട്ടു.
ബിജെപി ലെജിസ്‌ളേറ്റീവ് കൗൺസിൽ അംഗമായിരുന്ന സിപി യോഗേശ്വർ ആണ് കോൺഗ്രസ് സ്ഥാനാർത്ഥി. ബിജെപിയിൽ നിന്ന് വിട്ട യോഗേശ്വർ ജെഡിഎസിൽ പോയില്ലെന്നും അതിന്റെ കാരണം ബിജെപിയെക്കാൾ അപകടമാണ് കാലിയ കുമാരസ്വാമിയെന്നുമായിരുന്നു സമീർ അഹമ്മദിന്റെ പരാമർശം. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയാണ് മണ്ഡലത്തിലെ ജെഡിഎസ് – ബിജെപി സഖ്യ സ്ഥാനാർത്ഥി.
സമീർ ഖാന്റെ പരാമർശം വംശീയമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ജെഡിഎസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വിദ്വേഷ വാക്കുകൾക്ക് പരിഷ്‌കൃത സമൂഹത്തിൽ ഇടമില്ലെന്നും ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ അതിന് മറുപടി നൽകുമെന്നും ജെഡിഎസ് പ്രതികരിച്ചു.