ഒട്ടാവ: ഖാലിസ്ഥാൻ ഭീകരരുടെ ഭീഷണിയെ തുടർന്ന് ബ്രാംപ്ടൺ ക്ഷേത്രത്തിൽ നടത്താനിരുന്ന പരിപാടികൾ റദ്ദാക്കി. ബ്രാംപ്ടൺ ത്രിവേണി കമ്മ്യൂണിറ്റി സെൻ്ററിൽ നവംബർ 17-ന് നടത്താനിരുന്ന പരിപാടികളാണ് റദ്ദാക്കിയത്.
ഇന്ത്യൻ പൗരന്മാരുടെയും സിഖുക്കാരുടെയും ആവശ്യ സർട്ടിഫിക്കറ്റുകൾ പുതുക്കാനുള്ള അവസരമാണ് മാറ്റിവച്ചത്. ഹൈന്ദവർക്ക് നേരെ ഭീഷണി നിലനിൽക്കുന്നുണ്ടെന്നും ഇത്തരം പരിപാടികൾ നടക്കുമ്പോൾ അക്രമങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണെന്നും കാനഡയിലെ പീൽ റീജിയണൽ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.
കാനഡയിൽ ഹൈന്ദവസമൂഹം സുരക്ഷിതരല്ലെന്നും ഖാലിസ്ഥാനികളുടെ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ബ്രാംപ്ടൺ ക്ഷേത്രത്തിലെത്തുന്ന ഹൈന്ദവ സമൂഹത്തിനും പൊതുജനങ്ങൾക്കും സുരക്ഷ ഒരുക്കണമെന്നും ക്ഷേത്ര ഭരണസമിതി പൊലീസിനോട് ആവശ്യപ്പെട്ടു.
ബ്രാംപ്ടൺ ക്ഷേത്രത്തിന് നേരെയുണ്ടായ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് നിന്നവർക്കെതിരെ അക്രമം അഴിച്ചുവിട്ട ഇന്ദർജീത് ഗോസലാണ് അറസ്റ്റിലായത്. ആയുധം ഉപയോഗിച്ച് ഹൈന്ദവ വിശ്വാസികളെ ആക്രമിച്ചതിനാണ് അറസ്റ്റ് ചെയ്തത്.
ഖാലിസ്ഥാൻ ഭീകരരുടെ ഹിന്ദു വിരുദ്ധ വിദ്വേഷത്തിനെതിരെ കോലിഷൻ ഓഫ് ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (CoHNA) നടത്തിയ പ്രകടനത്തെ തുടർന്ന് മൂന്ന് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.