എറണാകുളം: 52-ാമത് സ്കൂൾ കായികമേളയിലെ സംഘർഷത്തിന് പിന്നാലെ ജിവി രാജ സ്പോർട്സ് സ്കൂളിന് രണ്ടാം സ്ഥാനം നൽകിയതിനെതിരെ സ്കൂളുകൾ ഹൈക്കോടതിയിലേക്ക്. നവാമുകുന്ദ, മാർബേസിൽ എന്നീ സ്കൂളുകളാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രതിഷേധം ശക്തമാക്കാനാണ് സ്കൂളുകളുടെ തീരുമാനം.
പോയിന്റ് പട്ടികയിൽ നവാമുകുന്ദ രണ്ടാം സ്ഥാനത്തും മാർബേസിൽ മൂന്നാം സ്ഥാനത്തുമാണ് ഉണ്ടായിരുന്നത്. എന്നാൽ, രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി സ്പോർട്സ് സ്കൂളായ ജിവി രാജയ്‌ക്ക് നൽകിയിരുന്നു. ഇതിനെതിരെയാണ് സ്കൂളുകൾ ഹൈക്കോടതിയെ സമീപിക്കുക. സർക്കാർ തിരുത്തണമെന്ന് മാർബേസിൽ സ്കൂൾ അധികൃതർ പ്രതികരിച്ചു. സ്പോർട്സ് സ്കൂളുകളെയും ജനറൽ സ്കൂളുകളെയും ഒരുപോലെ കാണരുതെന്നും ദേശീയ മേഖലയിൽ മത്സരിക്കുന്നതിനെ കുറിച്ച് ആലോചിച്ച് തീരുമാനിക്കുമെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
കഴിഞ്ഞ വർഷം വരെ സ്കൂൾ കിരീടത്തിനായി സ്പോർട്സ് സ്കൂളുകളെ പരിഗണിച്ചിരുന്നില്ല. കായികമേള തുടങ്ങുന്നതിന് മുമ്പും ഇത് സംബന്ധിച്ച യാതൊരു പ്രഖ്യാപനവും ഉണ്ടായിരുന്നില്ല. എന്നാൽ സമാപന സമ്മേളനം തുടങ്ങി പകുതിയായപ്പോഴായാണ് സ്കൂൾ കിരീടത്തിനായി സ്പോർട്സ് സ്‌കൂളുകളെയും പരിഗണിക്കുമെന്ന് അറിയിച്ചത്. തുടർന്നാണ് ജിവി രാജ സ്കൂളിന് രണ്ടാം സ്ഥാനം നൽകിയത്.
ഇതോടെ രണ്ടും മൂന്നും സ്ഥാനം പ്രതീക്ഷിച്ചിരുന്ന സ്കൂളുകൾ മൂന്നും നാലും സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തുടർന്നാണ് സംഘർഷങ്ങൾ ആരംഭിച്ചത്. പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് മർദ്ദിച്ചതായും പരാതി ഉയർന്നിരുന്നു.