ന്യൂഡൽഹി: യുവനടിയുടെ പീഡനക്കേസിൽ സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും. സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി അടുത്താഴ്ചക്ക് മാറ്റി. ശാരീരിക ബുദ്ധമുട്ടുകൾ ഉള്ളതിനാൽ മറ്റൊരു ദിവസം വാദം കേൾക്കണമെന്ന് സിദ്ദിഖിന്റെ അഭിഭാഷകൻ മുകുൾ റോഹ്തഗി കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.
സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും സിദ്ദിഖ് ഇതുവരെ രേഖകൾ ഹാജരാക്കിയിട്ടില്ലെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ രഞ്ജിത് കുമാർ കോടതിയെ അറിയിച്ചു.
സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായത്, അന്വേഷണവുമായി സഹകരിക്കലാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പരാതി നൽകാൻ എട്ട് വർഷം എടുത്തത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി ചോദിച്ചു. 2016-ൽ ഉപയോഗിച്ച മൊബൈൽ ഫോൺ പോലും അന്വേഷണ സംഘം ചോദിക്കുകയാണെന്നും സിദ്ദിഖിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന് മറുപടിയായി കഴിഞ്ഞ ദിവസമാണ് സിദ്ദിഖ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. തനിക്കെതിരെ പൊലീസ് കഥ മെനയുന്നുവെന്നും യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ചാണ് സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിച്ചതെന്നും സിദ്ദിഖ് സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു.