പാക്- ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്‌ക്കിടെ കമന്ററി ബോക്സിൽ നടന്നത് പൂച്ചയുടെ ഹെയർ കട്ടിന് ചെലവാക്കിയ തുകയെ കുറിച്ചുള്ള ചർച്ച. പാകിസ്താൻ മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ വസീം അക്രമിന്റെ ‘പൊങ്ങച്ച കഥ’ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ പാകിസ്താനിലെ ജനങ്ങൾക്ക് വസീമിന്റെ കഥ അത്ര പിടിച്ചമട്ടില്ല. ‘ഭാര്യ വീട്ടിൽ പരമസുഖം’ എന്ന കമന്റാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്നത്. ഓസ്‌ട്രേലിയൻ പൗരയായ ഷാനിറ തോംസണാണ് വസീമിന്റെ രണ്ടാം ഭാര്യ.
“ഞാൻ ഇന്നലെ എന്റെ പൂച്ചയുടെ രോമം വെട്ടി ഒതുക്കാനായി കൊണ്ടു പോയിരുന്നു. 1000 ഓസ്‌ട്രേലിയൻ ഡോളറാണ് (1.82ലക്ഷം രൂപ) എനിക്ക് ചെലവായയത്. അവർക്ക് പൂച്ചയെ മയക്കണം, ഭക്ഷണം നൽകണം എല്ലാം കൂടി ഈ തുകയാകുമെന്ന് അവർ പറഞ്ഞു. ഈ പണത്തിന് പാകിസ്താനിലെ 200 പൂച്ചകൾക്ക് മുടിവെട്ടാമെന്ന് മറുപടി പറഞ്ഞതായും വസീം അക്രം പറയുന്നുണ്ട്. പെറ്റ് സാലൂണിലെ ബില്ലും വസീം സഹ കമന്റേറ്റർമാരെ കാണിക്കുന്നുണ്ട്. പാകിസ്താനിൽ എല്ലാം ചീപ്പാണെന്ന തരത്തിലാണ് വസീമിന്റെ വാക്കുകൾ.
സ്വന്തം രാജ്യക്കാർ ഗോതമ്പിനും പയറിനുമായി നെട്ടോട്ടം ഓടുന്നിനിടെയാണ് വസീമിന്റെ പൂച്ച കഥ പുറത്ത് വന്നത്. വിലക്കയറ്റവും ദാരിദ്ര്യവും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് പാക് ജനത. പലയിടത്തും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ലോഡ് ഷെഡിംഗാണ്. പാകിസ്താനിൽ നിന്ന് പുറത്ത് വരുന്ന വീഡിയോകളിലെ പ്രധാന കണ്ടന്റും ഇതാണ്. ഇതിനിടെയാണ് മറുവശത്ത്, വസീം അഭിമാനത്തോടെ പൂച്ചയ്‌ക്കായി ചെലവഴിച്ച തുക പറയുന്ന വീഡിയോ പുറത്ത് വന്നത്. മത്സരത്തിൽ പാകിസ്താൻ ഓസ്ട്രേലിയയെ പരാജപ്പെടുത്തി. 22 വർഷത്തിന് ശേഷമാണ് വിജയം.