അചൽപൂര്(മഹാരാഷ്‌ട്ര): കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ മുസ്ലീം പ്രീണന നിലപാടിനെ രൂക്ഷമായി വിമർശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാരാഷ്‌ട്രയിലെ അചൽപൂരിൽ നടന്ന റാലിയിലായിരുന്നു ഖാർഗെയ്‌ക്കെതിരെ യോഗി തുറന്നടിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി ഖാർഗെയുടെ അഭിപ്രായപ്രകടനങ്ങൾ താൻ കേൾക്കുന്നുണ്ടെന്ന് പറഞ്ഞായിരുന്നു യോഗിയുടെ തുടക്കം.
സന്ന്യാസിമാർ രാഷ്‌ട്രീയക്കാരാകുന്നുവെന്ന ഖാർഗെയുടെ പരാമർശത്തിനെതിരെയായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രതികരണം. ഞാൻ ഒരു യോഗിയാണ്. എന്നെ സംബന്ധിച്ച് രാഷ്‌ട്രമാണ് പരമപ്രധാനം. പക്ഷെ ഖാർഗെയ്‌ക്ക് പ്രീണന രാഷ്‌ട്രീമാണ് മുഖ്യം. ഹൈദരാബാദ് നൈസാമുകളുടെ ഭരണകാലത്ത് ഖാർഗെ ജനിച്ച ഗ്രാമം ഉൾപ്പെടെ റസാക്കറുകൾ അഗ്‌നിക്കിരയാക്കിയതാണ്. സ്വാതന്ത്ര്യത്തിന് ശേഷം അധികാരം നഷ്ടപ്പെടുമെന്ന ഭയത്താലായിരുന്നു ഇത്. കോൺഗ്രസ് നേതൃത്വം അന്ന് അവർക്ക് കീഴടങ്ങി. എന്നാൽ സത്യം അംഗീകരിക്കാൻ ഖാർഗെ ഇപ്പോഴും തയ്യാറല്ല. കാരണം അത് പറഞ്ഞാൽ മുസ്ലീം വോട്ടുകൾ മാറിപ്പോകുമെന്ന് ഖാർഗെയ്‌ക്ക് അറിയാം.
വോട്ടിന് വേണ്ടി സ്വന്തം പൂർവ്വികരുടെ ത്യാഗം പോലും ഖാർഗെ മറക്കുകയാണ്. ഇപ്പോൾ ചരിത്രത്തെ വളച്ചൊടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഖാർഗെയ്‌ക്ക് ദേഷ്യം തോന്നേണ്ടത് റസാക്കർമാരോടാണ് തന്നോടല്ലെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
അധികാരമോഹം കാരണമാണ് കോൺഗ്രസ് ഭാരതത്തെ വിഭജിക്കാൻ തയ്യാറായത്. രാജ്യത്തെ രണ്ട് കഷ്ണങ്ങളായി ഭാഗം ചെയ്യാൻ കൂട്ടു നിന്നവരാണവർ. ഓരോ തെരഞ്ഞെടുപ്പുകളും പ്രധാനപ്പെട്ടതാണ്. എന്നാൽ 1946 ലെ അവിഭക്ത ഭാരതത്തിലെ തെരഞ്ഞെടുപ്പ് ഭാരതത്തിന്റെ വിധി മാറ്റിമറിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച നടന്ന റാലിയിലായിരുന്നു ഖാർഗെയുടെ വിവാദ പരാമർശം. സന്യാസിമാരുടെ വേഷത്തിലാണ് നടക്കുന്നത്. പക്ഷെ രാഷ്‌ട്രീയത്തിലെത്തി. കാവി നിറമണിഞ്ഞ് തല മുണ്ഡനം ചെയ്ത് ചിലർ മുഖ്യമന്ത്രിയുമായി. നിങ്ങൾ സന്യാസിയാണെങ്കിൽ കാവി ധരിച്ച് രാഷ്‌ട്രീയത്തിൽ നിന്ന് മാറിനിൽക്കണമെന്ന് ആയിരുന്നു യോഗിയുടെ പേരെടുത്ത് പറയാതെ ഖാർഗെയുടെ വാക്കുകൾ.