കണ്ണൂർ: തന്റെ ആത്മകഥയെന്ന പേരിൽ ഡിസി ബുക്‌സ് പുറത്തുവിട്ട പുസ്തകത്തിലെ ഭാഗങ്ങൾ തന്റേതല്ലെന്ന് സിപിഎം നേതാവ് ഇപി ജയരാജൻ. ‘കട്ടൻചായയും പരിപ്പുവടയും’ – ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന പേരിലുളള പുസ്തകത്തിന്റെ പുറംചട്ട ഉൾപ്പെടെ ഡിസി ബുക്‌സ് ഇന്നലെ അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരുന്നു.
പല അപ്രിയസത്യങ്ങളുടെയും തുറന്നു പറച്ചിലുകളുമായി ഇ.പി. ജയരാജന്റെ
‘കട്ടൻചായയും പരിപ്പുവടയും- ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ ഉടൻ വരുന്നു ഡിസി ബുക്സിലൂടെ… എന്നായിരുന്നു പരസ്യവാചകം. പിന്നാലെ ചേലക്കര നിയമസഭാ മണ്ഡലത്തിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് രാവിലെ പുസ്തകത്തിന്റെ ഉളളടക്കത്തിന്റെ ഭാഗങ്ങൾ ഉൾപ്പെടെ പുറത്തുവന്നു. പാലക്കാട് കോൺഗ്രസിൽ നിന്ന് വന്ന ഡോ. പി. സരിനെ സ്ഥാനാർത്ഥിയാക്കിയതിൽ ഉൾപ്പെടെയുളള വിയോജിപ്പുകളാണ് പുറത്തുവന്നത്. ഇത് മാദ്ധ്യമങ്ങളിൽ വാർത്തയായതോടെയാണ് പുസ്തകം തന്റേതല്ലെന്ന വിശദീകരണവുമായി ഇപി രംഗത്തെത്തിയത്.
ഇന്നത്തെ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുളള ആസൂത്രിതമായ നീക്കമാണെന്ന് ആയിരുന്നു ഇപി ജയരാജന്റെ പ്രതികരണം. ‘ആത്മകഥ ഞാൻ എഴുതിക്കൊണ്ടിരിക്കുകയാണ്.. കുറച്ച് ദിവസമായി സമയം കിട്ടാത്തതുകൊണ്ട് എഴുതുന്നില്ല. അത് പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. എഴുതിയിടത്തോളം കാര്യങ്ങൾ പ്രിന്റ് ചെയ്യാനും ഏൽപ്പിച്ചിട്ടില്ല. ടൈപ്പ് ചെയ്യുന്നതിന് വേണ്ടിയുളള നടപടി നടന്നുവരുന്നതേയുള്ളൂവെന്നും ഇ.പി ജയരാജൻ പറഞ്ഞു. വിവാദമായ സ്ഥിതിക്ക് പുസ്തകം എത്രയും വേഗം പൂർത്തിയാക്കുമെന്നും വൈകാതെ പ്രസിദ്ധീകരിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു.
മാതൃഭൂമി ബുക്‌സും ഡിസി ബുക്‌സും പുസ്തകത്തിന്റെ പ്രസിദ്ധീകരണാവകാശം ചോദിച്ചിരുന്നു. രണ്ട് പേരോടും ആലോചിച്ച് പറയാം എന്നാണ് പറഞ്ഞത്. എന്റെ പുസ്തകം ഇന്ന് 10.30 ന് പ്രസിദ്ധീകരിക്കുമെന്ന് ഞാൻ അറിയുന്നത് മാദ്ധ്യമവാർത്തകൾ കണ്ടിട്ടാണ്. ഈ പറയുന്ന കാര്യങ്ങളൊന്നും എന്റെ പുസ്തകത്തിൽ ഇല്ല. ആരാണ് പിന്നിലെന്ന് അന്വേഷിച്ചിട്ട് പറയാമെന്നും ആയിരുന്നു ഇപിയുടെ മറുപടി. എന്നെ ഉപയോഗിച്ച് തെറ്റായ വാർത്തയുണ്ടാക്കി എന്നെയും പാർട്ടിയെയും നശിപ്പിക്കാനാണ് ശ്രമം. നേരത്തെയും ഇത് തന്നെയാണ് ചെയ്തതെന്നും ഇപി കുറ്റപ്പെടുത്തി.
അവസരവാദ രാഷ്‌ട്രീയത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ പാലക്കാട് പി. സരിന്റെ കാര്യവും ചർച്ച ചെയ്യണമെന്നും തലേന്ന് വരെ യുഡിഎഫ് സ്ഥാനാർത്ഥിത്വം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സരിൻ. അത് കിട്ടാതായപ്പോൾ വെളുക്കുംമുമ്പുളള മറുകണ്ടം ചാടലാണ് സരിൻ നടത്തിയതെന്നുമായിരുന്നു പുസ്തകത്തിലെ വാചകങ്ങൾ.
എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയത് പ്രയാസമുണ്ടാക്കി. ഏതെങ്കിലും പദവി നഷ്ടപ്പെട്ടതുകൊണ്ട് വന്ന പ്രയാസമല്ല, തന്നെ പാർട്ടി മനസിലാക്കാത്തതുകൊണ്ട് ഉണ്ടായ പ്രയാസമാണ്. നേരത്തെ ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയം ചർച്ച ചെയ്തുവെന്നാണ് പാർട്ടി പറഞ്ഞത് ആ യോഗത്തിൽ താൻ പങ്കെടുത്തിരുന്നില്ല. താൻ പാർട്ടി കേന്ദ്ര കമ്മിറ്റിയംഗമാണ്. താനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്തിമ തീരുമാനം അവിടെയാണ് ഉണ്ടാകേണ്ടത്. വിപ്ലവ പാർട്ടിയുടെ എളിയ പ്രവർത്തകൻ എന്ന നിലയിൽ ഇതിൽ കൂടുതൽ കാര്യം പൊതുസമൂഹത്തിന് മുൻപിലേക്ക് വലിച്ചിഴയ്‌ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ആയിരുന്നു ഇതുമായി ബന്ധപ്പെട്ട പുസ്തകത്തിലെ പരാമർശം.