ന്യൂഡൽഹി: തദ്ദേശീയമായി നിർമ്മിച്ച P-7 പാരച്യൂട്ട് സിസ്റ്റം കരസേനയ്‌ക്ക് കൈമാറി. ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് എസ്റ്റാബ്ലിഷ്‌മെന്റാണ് (ADRDE) പാരച്യൂട്ട് സിസ്റ്റം രൂപകൽപ്പന ചെയ്തത്. ഭാരമേറിയ പേലോഡുകൾ വേഗത്തിലും സുരക്ഷിതമായും എയർഡ്രോപ്പ് ചെയ്യാൻ P-7 പാരച്യൂട്ടിന് കഴിയും.
P-7 പാരച്യൂട്ട് സിസ്റ്റത്തിനായുള്ള അതോറിറ്റി ഹോൾഡിംഗ് സീൽഡ് രേഖകൾ (AHSP) ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് എസ്റ്റാബ്ലിഷ്‌മെൻ്റ് (എഡിആർഡിഇ), ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അഷ്വറൻസിന് (DGQA) ഔപചാരികമായി കൈമാറി. നവംബർ 11 ന് ന്യൂഡൽഹിയിലെ ഡിആർഡിഒ ഭവനിൽ നടന്ന കൈമാറ്റ ചടങ്ങ് പ്രതിരോധ വകുപ്പ് സെക്രട്ടറിയും ഡിആർഡിഒ ചെയർമാനുമായ ഡോ സമീർ വി കാമത്ത് നിർവ്വഹിച്ചു.
കാൺപൂർ ആസ്ഥാനമായുള്ള ഗ്ലൈഡേഴ്‌സ് ഇന്ത്യ ലിമിറ്റഡ് (ഓർഡനൻസ് പാരച്യൂട്ട് ഫാക്ടറി) ആണ് ഈ നൂതന പാരച്യൂട്ട് സംവിധാനം നിർമ്മിച്ചിരിക്കുന്നത്. പാരച്യൂട്ടിന് IL-76 വിമാനത്തിൽ നാല് കിലോമീറ്റർ ഉയരത്തിൽ നിന്നും 9.5 ടൺ ഭാരം വരെ എയർഡ്രോപ്പ് ചെയ്യാനുള്ള ശേഷിയുണ്ട്.
ലൈറ്റ് ഫീൽഡ് തോക്കുകളും ജീപ്പുകളും പോലുള്ള നിർണായക ഉപകരണങ്ങളെ നേരിട്ട് അതിർത്തിയിലേക്കും ഉയർന്ന മേഖലകളിലേക്കും എയർഡ്രോപ്പ് ചെയ്യാൻ സൈന്യത്തിന് ഇതുവഴി സാധിക്കും. P-7 ഹെവി ഡ്രോപ്പ് പാരച്യൂട്ട് സിസ്റ്റത്തിന്റെ 146 യൂണിറ്റുകൾക്കായി സൈന്യം കാൺപൂരിലെ GIL (OPF) ന് ഇതിനകം ഓർഡർ നൽകിയിട്ടുണ്ട്.