മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഐസിസി റാങ്കിംഗിൽ കുതിപ്പ്. തുടർച്ചയായ രണ്ട് സെഞ്ച്വറി നേട്ടത്തോടെ 27 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി താരം 39-ാമനായി. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ 50 പന്തിൽ നേടിയ 107 റൺസാണ് താരത്തെ തുണച്ചത്. ബംഗ്ലാദേശിനെതിരെ നടത്തിയ സെഞ്ച്വറി പ്രകടനവും മുതൽകൂട്ടായി. ടി20 റാങ്കിംഗിൽ സഞ്ജുവിന് തൊട്ടു മുന്നിലുള്ള ഇന്ത്യൻ താരങ്ങൾ ശുഭ്മാൻ ഗിൽ(29), ഋതുരാജ് ഗെയ്ക്വാദ്(14) എന്നിവരാണ്.
തൊട്ടു പിന്നിലുള്ളത് ന്യൂസിലൻഡ് ഒപ്പണർ ഡെവോൺ കോൺവെയാണ്. ടി20 റാങ്കിംഗിൽ തലപ്പത്തുള്ളത് ഓസ്ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡ് ആണ്. തൊട്ടുപിന്നാലെ ഇന്ത്യൻ നായകൻ സൂര്യകുമാറും. ആദ്യ പത്തിലുള്ള രണ്ടാമത്തെയാൾ ഏഴാം സ്ഥാനത്തുള്ള യശസ്വി ജയ്സ്വാളാണ്. ഏകദിന റാങ്കിംഗിൽ ബാബർ അസമാണ് തലപ്പത്ത്. തൊട്ടുപിന്നാലെ രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി എന്നിവരാണ്.