ധാരാളം പോഷകഘടകങ്ങളടങ്ങിയ ഒന്നാണ് പാൽ. ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന സമീകൃതാഹാരമാണിത്. പാൽ തിളപ്പിച്ചും അല്ലാതെയും കുടിക്കുന്നവർ നമുക്കിടയിലുണ്ടാകും. തിളപ്പിക്കാത്ത പാലാണ് നിങ്ങൾ കുടിക്കുന്നതെങ്കിൽ പണികിട്ടുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇതറിഞ്ഞോളൂ..
ഭക്ഷ്യവിഷബാധ
തിളപ്പിക്കാത്ത പാലിൽ ധാരാളം ബാക്ടീരിയകളുണ്ടായിരിക്കും. ഇത് ശരീരത്തെ ദോഷകരമായി ബാധിക്കുന്നു. സാൽമൊണല്ല, ഇ-കോളി തുടങ്ങി നിരവധി ബാക്ടീരിയകളാണ് തിളപ്പിക്കാത്ത പാലിൽ അടങ്ങിയിരിക്കുന്നത്. ഇത് വയറുവേദനയ്‌ക്കും വയറിളക്കത്തിനും കാരണമാകുന്നു.
ഗർഭിണികൾക്ക് ഹാനികരം
ഗർഭിണികൾ തിളപ്പിക്കാത്ത പാൽ കുടിക്കരുതെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. ഗർഭസ്ഥ ശിശുവിന് ഇത് ദോഷകരമായി ബാധിക്കും. ഗർഭഛിദ്രത്തിനടക്കം തിളപ്പിക്കാത്ത പാൽ കുടിക്കുന്നത് ഇടയാക്കിയേക്കാം. ഇതിലടങ്ങിയിരിക്കുന്ന വിഷാംശങ്ങളും ബാക്ടീരിയകളുമാണ് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നത്.
പ്രതിരോധശേഷി കുറഞ്ഞ ആളുകളെ ദോഷമായി ബാധിക്കുന്നു
പാൽ തിളപ്പിക്കാതെ കുടിക്കുന്നത് രോഗപ്രതിരോധ ശേഷി കുറഞ്ഞവരെ ദോഷകരമായി ബാധിക്കുന്നു. ഏതെങ്കിലും രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവർക്ക് മറ്റ് രോഗങ്ങളിലേക്കും വഴി വയ്‌ക്കുകയും ചെയ്യുന്നു. അതിനാൽ തിളപ്പിച്ചാറ്റിയ പാൽ കുടിക്കുന്നതാണ് ശരീരത്തിന് നല്ലതെന്നാണ് പഠനങ്ങൾ പറയുന്നത്.















