എറണാകുളം: മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ എസ്‌ഐക്ക് സസ്‌പെൻഷൻ. ഇൻഫോപാർക്ക് എസ്‌ഐ ബി ശ്രീജിത്തിനെയാണ് സസ്‌പെൻഡ് ചെയ്തത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.
ഇന്നലെ രാത്രി ഇൻഫോപാർക്ക് റോഡിലായിരുന്നു അപകടം. മദ്യപിച്ച് വാഹനമോടിച്ച ശ്രീജിത്ത് പാലക്കാട് സ്വദേശിയായ രാകേഷിനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇൻഫോപാർക്ക് ജീവനക്കാരനാണ് രാകേഷ്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എസ്‌ഐ ശ്രീജിത്ത് മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. ഇതോടെ സ്‌പെഷ്യൽ ബ്രാഞ്ച്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനെതിരായ നടപടി.















