ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഇസ്രോ (ISRO) ചെലവഴിക്കുന്ന ഓരോ രൂപയ്‌ക്കും 2.5 രൂപ വരുമാനം തിരികെ നൽകുന്നുണ്ടെന്ന് ISRO ചെയർമാൺ എസ് സോമനാഥ്. ബഹിരാകാശ മേഖലയിൽ ഇന്ത്യ നിക്ഷേപിച്ച പണം സമൂഹത്തിന് ഗുണം ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് സോമനാഥിന്റെ പ്രതികരണം.
ബഹിരാകാശ ദൗത്യങ്ങൾ നടത്തുന്ന രാജ്യങ്ങളോടൊപ്പം ആധിപത്യത്തിനായി മത്സരിക്കുന്നതിനേക്കാൾ ഉപരി രാജ്യത്തെ സേവിക്കുകയാണ് ഇസ്രോയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. “ചന്ദ്രനിലേക്ക് പോകുന്നത് ചിലവേറിയ കാര്യമാണ്. ധനസഹായത്തിനായി സർക്കാരിനെ മാത്രം ആശ്രയിക്കാനാവില്ല. അതിനായി ബിസിനസ്സ് അവസരങ്ങൾ സൃഷ്ടിക്കണം. നിങ്ങൾക്ക് അത് നിലനിർത്തണമെങ്കിൽ അതിൽ നിന്നും ഒരു ഉപയോഗം അല്ലെങ്കിൽ വരുമാനം നിങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം സർക്കാർ നിങ്ങളോട് ആ സ്ഥാപനം അടച്ചുപൂട്ടാൻ പറയും,” കർണാടക റസിഡൻഷ്യൽ എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റിയിലെ വിദ്യാർത്ഥികളുമായി സംവദിക്കവെ ഇസ്രോ ചെയർമാൻ പറഞ്ഞു.
ദേശീയ ബഹിരാകാശ ദിനത്തിൽ ബഹിരാകാശ വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് 2014 നും 2024 നും ഇടയിൽ ഇന്ത്യയുടെ ജിഡിപിയിലേക്ക് ബഹിരാകാശ മേഖല 60 ബില്യൺ ഡോളർ സംഭാവന ചെയ്തിട്ടുണ്ട്. ഇന്ത്യൻ ബഹിരാകാശ മേഖലയുടെ വരുമാനം 2023 ലെ കണക്കനുസരിച്ച് 6.3 ബില്യൺ ഡോളറായി വളർന്നു. നിലവിൽ ലോകത്തെ എട്ടാമത്തെ വലിയ ബഹിരാകാശ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി 4.7 ദശലക്ഷം തൊഴിലവസരങ്ങൾ ബഹിരാകാശമേഖല സൃഷ്ടിച്ചിട്ടുണ്ട്.
നിലവിൽ ഇന്ത്യയിൽ 400 ൽ അധികം സ്വകാര്യ ബഹിരാകാശ കമ്പനികളുണ്ട്. 2020 ഇത് 54 എണ്ണം മാത്രമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 20 സെന്റീമീറ്റർ റെസല്യൂഷനുള്ള ഇന്ത്യയുടെ ചാര ഉപഗ്രഹങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ചവയാണ്. പ്രതിദിനം 8 ലക്ഷം മത്സ്യത്തൊഴിലാളികളെ ഇസ്രോ സഹായിക്കുന്നുണ്ടെന്നും 140 കോടി ഇന്ത്യക്കാർക്ക് ഉപഗ്രഹാധിഷ്ഠിത കാലാവസ്ഥാ പ്രവചനത്തിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്നും ഇസ്രോ ചെയർമാൻ പറഞ്ഞു.















