മുംബൈ: മുൻ മന്ത്രിയും എൻസിപി നേതാവുമായിരുന്ന ബാബാ സിദ്ദിഖിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ശിവകുമാർ ഗൗതത്തിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. സിദ്ദിഖിനെ വെടിവച്ച് വീഴ്‌ത്തി രക്ഷപ്പെട്ട പ്രതി, പിന്നീട് എൻസിപി നേതാവിനെ പ്രവേശിപ്പിച്ച ആശുപത്രിയിലെത്തി. ലീലാവതി ഹോസ്പിറ്റലിന് പുറത്ത് അരമണിക്കൂറോളം കാത്തിരുന്നു.
ബാബാ സിദ്ദിഖിന്റെ മരണവാർത്ത കേൾക്കുന്നതിനായി അയാൾ കാത്തുനിൽക്കുകയായിരുന്നു. എൻസിപി നേതാവ് പരിക്കുകളെ അതിജീവിക്കുമോയെന്ന് അറിയാൻ കൂടിയായിരുന്നു പ്രതി 30 മിനിറ്റ് കാത്തുനിന്നത്. എന്നാൽ ബാബാ സിദ്ദിഖിയുടെ ആരോഗ്യനില വഷളായെന്നും മരിക്കുമെന്നും ഉറപ്പായതോടെ ഇയാൾ സ്ഥലംവിടുകയായിരുന്നു.
മുംബൈയിലെ ബാന്ദ്രയിൽ ഒക്ടോബർ 12ന് രാത്രിയായിരുന്നു എൻസിപി നേതാവ് ബാബാ സിദ്ദിഖ് കൊല്ലപ്പെട്ടത്. നെഞ്ചിൽ തറച്ച ബുള്ളറ്റുകളായിരുന്നു മരണകാരണം. 66-കാരനായ സിദ്ദിഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. പ്രധാനപ്രതിയായ ശിവകുമാർ ഗൗതത്തെ കഴിഞ്ഞ ദിവസം യുപിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കേസിൽ കസ്റ്റഡിയിലായ മറ്റ് പ്രതികൾ തങ്ങൾ ലോറൻസ് ബിഷ്ണോയി സംഘത്തിലുള്ളവരാണെന്ന് പൊലീസിന് മൊഴി നൽകിയിരുന്നു.