മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിൽ മാറ്റുരയ്‌ക്കാൻ യുഎഇയിൽ നിന്നും മത്സരാർത്ഥി. ആദ്യമായാണ് യുഎഇ മിസ് യൂണിവേഴ്‌സിന്റെ ഭാഗമാകുന്നത്. മോഡലായ എമിലിയ ഡൊബ്രേവ ആണ് രാജ്യത്തെ പ്രതിനിധീകരിച്ച് വിശ്വസുന്ദരി പട്ടത്തിന് മത്സരിക്കുന്നത്. മിസ് യൂണിവേഴ്‌സ് യുഎഇ കിരീടം നേടിയ എമിലിയ മൂന്ന് കുട്ടികളുടെ അമ്മയാണ്. മോഡലായ ഇവർ എമിറാത്തി യുവാവിനെയാണ് വിവാഹം കഴിച്ചത്. 10 വർഷമായി രാജ്യത്താണ് സ്ഥിരതാമസം.
നവംബർ 16ന് മെക്‌സിക്കോയിലാണ് മത്സരം. 130 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെയാണ് പങ്കെടുക്കുന്നത്. മത്സരത്തിലെ ദേശീയ വസ്‌ത്ര വിഭാഗത്തിൽ യുഎഇയ്‌ക്ക് ആദരമായി അബായ ആണ് എമിലിയ ധരിക്കുന്നത്. അബായയുടെ താഴ്ഭാഗം യുഎഇയിലെ മണൽ കൊണ്ടുള്ള ഡിസൈനുണ്ട്. മുകൾ ഭാഗം രാജ്യം കൈവരിച്ച ആധുനികതയെ പ്രതിഫലിപ്പിക്കും. എങ്ങനെയാണ് മണലിൽ നിന്ന് ഒരു ആധുനിക രാജ്യം കെട്ടിപ്പടുത്തതെന്ന് അത് ലോകത്തിന് കാട്ടിക്കൊടുക്കുമെന്നും മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ യുഎഇയുടെ ദേശീയ ഡയറക്ടറായ പോപ്പി കപ്പെല്ല പറഞ്ഞു. മത്സരത്തിലെ സ്വിംവെയർ റൗണ്ടിൽ ശരീരം മറയ്‌ക്കുന്ന, ബുർകിനി എന്നറിയപ്പെടുന്ന സ്വിംവെയർ ആയിരിക്കും എമിലിയ അണിയുന്നതെന്നും പോപ്പി പറഞ്ഞു. യുഎഇയിലെ മത്സരത്തിൽ സ്വീംവെയർ ഉൾപ്പെട്ടിരുന്നില്ല.
18 വയസിനും 28നും ഇടയിലുള്ള അവിവാഹിതരായ യുവതികളായിരുന്നു മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുത്തിരുന്നത്. എന്നാൽ കഴിഞ്ഞവർഷം വയസ്, വിവാഹം, ഉയരം, തൂക്കം തുടങ്ങിയ നിയന്ത്രണങ്ങൾ നീക്കം ചെയ്തു. യുഎഇയെ കൂടാതെ മിസ് സൊമാലിയ ഉൾപ്പെടെ മറ്റ് ഒമ്പത് രാജ്യങ്ങൾ ഇത്തവണ അരങ്ങേറ്റം കുറിക്കും.













