ന്യൂഡൽഹി: രാജ്യത്തിന് ചിറകുകൾ നൽകുകയാണ് ലക്ഷ്യമെന്ന് ഇൻഡിഗോയുടെ സിഇഒ പീറ്റർ എൽബേഴ്‌സ്. ഇന്ത്യയിൽ വേരുകൾ ശക്തിപ്പെടുത്തുന്നതിനൊപ്പം ആഗോളതലത്തിൽ ഇൻഡിഗോയുടെ പ്രവർത്തനങ്ങൾ വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. CNBC-യുടെ TV18 ഗ്ലോബൽ ലീഡർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പീറ്റർ എൽബേഴ്സ്.
സാധ്യതകളുടെ ലോകമാണ് ഇന്ത്യ സമ്മാനിക്കുന്നത്. വരും വർഷങ്ങളിൽ കമ്പനിയുടെ ഉയർച്ചയ്‌ക്ക് ഇത് ഗുണം ചെയ്യും. ലോകത്തിനായി ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഇൻഡിഗോ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് ചിറകുകൾ നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ലോകവുമായി ബന്ധപ്പെടുത്തുന്ന പാലമായി ഇൻഡിഗോ പ്രവർത്തിക്കും. ആഗോള നെറ്റ്‌വർക്ക് വിപുലീകരിക്കുന്നതിലൂടെ ഇൻഡിഗോ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്‌ക്ക് പിന്തുണയേകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള തലത്തിൽ ഇന്ത്യൻ വ്യോമയാന രംഗം ഇനിയും കുതിക്കുമെന്നും രാജ്യത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം വർദ്ധിക്കുകയാണെന്നും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ഇന്ത്യയുടെ വളർച്ചയ്‌ക്ക് ആക്കം കൂട്ടുന്നതിനായി ഇൻഡിഗോ നിലകൊള്ളുമെന്ന ഉറപ്പും എയർലൈൻ സിഇഒ നൽകി. ലോകത്തിന്റെ ഏത് കോണിലേക്കും ഇന്ത്യയിൽ നിന്ന് വിമാന സർവീസ് ഉണ്ടാകുന്ന കാലം വിദൂരമല്ല. ആഗോളതലത്തിൽ ചെലവ് കുറഞ്ഞ വിമാനക്കമ്പനികളിൽ മുൻപന്തിയിലായിരിക്കും ഇൻഡിഗോയെന്നും അദ്ദേഹം പറഞ്ഞു.















