കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാപിഴവ്. ശാരീരിക അസ്വാസ്ഥ്യവുമായി എത്തിയ രോഗിയ്‌ക്ക് മാനസിക രോഗത്തിനുള്ള മരുന്ന് നൽകിയെന്നാണ് ഉയരുന്ന പരാതി. പെരാമ്പ്ര സ്വദേശിനിയായ രജനിക്കാണ് ചികിത്സ മാറി നൽകിയത്. നിലവിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ് യുവതി.
കഴിഞ്ഞ നാലാം തീയതിയാണ് ശാരീരിക അസ്വസ്ഥകളെ തുടർന്ന് രജനി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് യുവതി ആശുപത്രിയിലെത്തിയത്. എന്നാൽ കാര്യമായ അസുഖങ്ങൾ ഇല്ലെന്ന് പറഞ്ഞ് അധികൃതർ മടക്കിയയച്ചു. തുടർന്ന് വേദന സഹിക്കാതെ വന്നതോടെ വീണ്ടും ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. രജനിയ്‌ക്ക് മാനസികരോഗമാണെന്നാണ് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞത്.
എന്നാൽ, രജനിക്ക് മറ്റ് പ്രശ്‌നങ്ങളില്ലെന്നും മാനസീകമായ പ്രശ്‌നങ്ങളാണെന്നുമായിരുന്നു ഡോക്ടർമാരുടെ കണ്ടെത്തൽ. മുട്ടുവേദനയും കാല് വേദനയുമായിട്ടാണ് ഭാര്യയെ ആശുപത്രിയിലെത്തിച്ചതെന്നാണ് ഭർത്താവ് പറയുന്നത്. കാണിച്ച ഡോക്ടർ സൈക്യാട്രിയിലേക്ക് റഫർ ചെയ്തു. ന്യൂറോളജിയിലേക്ക് വിടേണ്ടതിന് പകരം സൈക്യാട്രിയിലേക്ക് വിടുകയായിരുന്നുവെന്നും ഭർത്താവ് ആരോപിക്കുന്നു. ആ മരുന്നുകൾ കഴിച്ചതോടെയാണ് രജനി ഈ അവസ്ഥയിലെത്തിയതെന്നും ഭർത്താവ് ചൂണ്ടിക്കാട്ടി.
ഏറെ വൈകിയാണ് ശരീരത്തിലെ നാഡീഞരമ്പുകളെ അപകടത്തിലാക്കി രോഗപ്രതിരോധ ശേഷിയെ തകരാറിലാക്കുന്ന ജിബിഎസ് എന്ന അസുഖമാണ് രജനിക്കെന്ന് ഡോക്ടർമാർ മനസിലാക്കിയത്. നിലവിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ് രജനി. യഥാർത്ഥ അസുഖം തിരിച്ചറിയാതെയാണ് ഡോക്ടർമാർ മാനസീക രോഗത്തിന് മരുന്ന് കഴിപ്പിച്ചതെന്നും ഇത് രജനിയുടെ അവസ്ഥ കൂടുതൽ അപകടത്തിലാക്കിയെന്നും ഭർത്താവ് പറയുന്നു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്.















