സോൾ: വലിയ തോതിൽ ചാവേർ ഡ്രോണുകൾ ഉത്പാദിപ്പിക്കാൻ ഉത്തരവിട്ട് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ. കഴിഞ്ഞ ദിവസം രാജ്യത്ത് നിർമ്മിച്ച ‘ അൺമാൻഡ് ഏരിയൽ ടെക്‌നോളജി കോംപ്ലക്‌സിന്റെ'(യുഎടിസി)യുടെ പരീക്ഷണത്തിന് സാക്ഷ്യം വഹിക്കാൻ കിം ജോങ് ഉൻ നേരിട്ട് എത്തിയിരുന്നു. കരയിലും കടലിലുമുള്ള ലക്ഷ്യങ്ങൾ തകർക്കാൻ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്ത ആളില്ലാ ഡ്രോണുകളാണ് ഇവ. ഇതിന് പിന്നാലെയാണ് ചാവേർ ഡ്രോണുകളുടെ ഉത്പാദനം വലിയ തോതിൽ ഉയർത്താനുള്ള നിർദേശം കിം ജോങ് ഉൻ നൽകിയതെന്ന് സ്‌റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.
ദക്ഷിണ കൊറിയയുമായുള്ള ബന്ധം വഷളാകുന്നതിനിടെയാണ് പുതിയ നീക്കം. സ്‌ഫോടക വസ്തുക്കൾ വഹിക്കാൻ സാധിക്കുന്ന ആളില്ലാ ഡ്രോണുകളെയാണ് ചാവേർ ഡ്രോണുകൾ എന്ന് വിളിക്കുന്നത്. ശത്രുക്കളുടെ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തി വലിയ നാശം വിതയ്‌ക്കാൻ സാധിക്കുന്ന ഗൈഡഡ് മിസൈലുകളാണ് ഇവ. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് രാജ്യത്ത് ആദ്യമായി ചാവേർ ഡ്രോണുകൾ നിർമ്മിച്ച് പരീക്ഷണം നടത്തുന്നത്. റഷ്യയുമായുള്ള പ്രതിരോധ സഹകരണത്തിലൂടെയാണ് ഉത്തരകൊറിയയ്‌ക്ക് ഇതിനുള്ള സാങ്കേതിക
സഹായങ്ങൾ ഉൾപ്പെടെ ലഭിച്ചതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷണത്തിൽ ആളില്ലാ ഡ്രോണുകൾ മുൻകൂട്ടി നിശ്ചയിച്ച വഴിയിലൂടെ പോയതിന് ശേഷം കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തിയതായും കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. കരയിലും കടലിലുമുള്ള ശത്രുവിന്റെ താവളങ്ങളെ ലക്ഷ്യമിടാൻ ഇത് സഹായിക്കുമെന്നും, വ്യത്യസ്ത റേഞ്ചുകളിൽ ആക്രമണം നടത്താൻ ഉപകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഓഗസ്റ്റിൽ നടത്തിയ പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ നേരത്തെ ഉത്തരകൊറിയ പുറത്ത് വിട്ടിരുന്നു. ഇസ്രായേലിന്റെ ഹാരോപ്പ്, റഷ്യയുടെ ലാൻസെറ്റ്-3, ഇസ്രായേലിന്റെ തന്നെ ഹീറോ-30 എന്നിവയോട് സാദൃശ്യമുള്ളതാണ് ഉത്തരകൊറിയയുടെ ചാവേർ ഡ്രോണുകളെന്ന് വിദഗ്ധർ പറയുന്നു. റഷ്യയിൽ നിന്നോ ഇറാനിൽ നിന്നോ ആകാം ഇവ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ സ്വന്തമാക്കിയതെന്നു ഇവർ ചൂണ്ടിക്കാണിക്കുന്നു.















