കുമളി: തേക്കടിയിൽ വിനോദസഞ്ചാരത്തിനെത്തിയ ഇസ്രായേൽ സ്വദേശികളെ കടയുടമകൾ അപമാനിച്ച് ഇറക്കിവിട്ട് സംഭവത്തിൽ ഇടപെട്ട് പൊലീസ്. കശ്മീർ സ്വദേശികളാണ് കേരളത്തിലെത്തിയ വിനോദ സഞ്ചാരികളെ അപമാനിച്ചത്. കശ്മീർ സ്വദേശികളായ പാർട്‌ണേഴ്‌സിനെ കടയിൽ നിന്ന് താത്കാലികമായി ഒഴിവാക്കാനാണ് കട ഉടമയ്‌ക്ക് നിർദേശം നൽകിയിരിക്കുന്നത്. കട താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് കുമളിയിലെ ഇൻക്രെഡിബിൾ ക്രാഫ്റ്റ്‌സ് എന്ന കടയിൽ ഇസ്രയേൽ സ്വദേശിയായ ഡോവർ വാൽഫർ സാധനം വാങ്ങാൻ എത്തിയത്. കുമളി സ്വദേശിയും കശ്മീർ സ്വദേശികളായ രണ്ട് പേരും ചേർന്നാണ് ഈ കട നടത്തുന്നത്. ഇദ്ദേഹം വഴിയിലൂടെ നടന്ന് പോകുന്നതിനിടെ ഇവർ തന്നെയാണ് ഇദ്ദേഹത്തെ കടയിലേക്ക് വിളിച്ചു കയറ്റുന്നത്.
കടയിൽ എത്തിയ ശേഷം ഇദ്ദേഹം ഫോണിൽ ഹീബ്രു ഭാഷയിൽ സംസാരിക്കുന്നത് കശ്മീർ സ്വദേശിയായ ഹയാസ് അഹമ്മദ് റാത്തർ ശ്രദ്ധിച്ചു. എവിടെ നിന്നാണ് വരുന്നത് എന്ന ചോദ്യത്തിന് ഇസ്രായേലിൽ നിന്നാണെന്ന് മറുപടി പറഞ്ഞതോടെ ഇയാൾ ഡോവർ വാൽഫറിനെ അധിക്ഷേപിച്ച് സംസാരിക്കുകയായിരുന്നു. ഇവിടെ നിന്ന് സാധനങ്ങൾ തരില്ലെന്നും കടയിൽ നിന്ന് ഇറങ്ങിപ്പോകണമെന്നും ഇയാൾ ആക്രോശിച്ചു.
ബഹളം കേട്ട് സമീപത്തെ കടക്കാരും വ്യാപാരി വ്യവസായ സമിതി ഭാരവാഹികളും കൂടി വിഷയത്തിൽ ഇടപെട്ടതോടെ ഹയാസ് അഹമ്മദ് മാപ്പ് പറഞ്ഞ് തലയൂരുകയായിരുന്നു. സംഭവസ്ഥലത്ത് പൊലീസ് എത്തിയെങ്കിലും, പരാതി ഇല്ലെന്ന് ഇസ്രായേൽ സ്വദേശികളും പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ വിദേശികളായ സഞ്ചാരികൾക്ക് അപമാനം നേരിട്ട സാഹചര്യത്തിൽ കശ്മീർ സ്വദേശികളെ കടയിൽ നിന്ന് ഒഴിവാക്കാൻ പൊലീസ് നിർദേശിക്കുകയായിരുന്നു. സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയ്‌ക്ക് തിരിച്ചടി ഉണ്ടാകാൻ സാധ്യതയുള്ള വിഷയമായതിനാൽ കശ്മീർ സ്വദേശികളുമായുള്ള പാർട്ണർഷിപ്പ് ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സ്‌പെഷ്യൽ ബ്രാഞ്ചും കേന്ദ്ര രഹസ്യന്വേഷണ വിഭാഗവും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.