ആലപ്പുഴ: ജോലി വാഗ്ദാനം നൽകി യുവാവിനെ കംബോഡിയയിലേക്ക് കടത്തിയ സംഭവത്തിൽ യുവതി പിടിയിൽ. മലപ്പുറം നിലമ്പൂർ സ്വദേശിനി സഫ്‌ന (31) ആണ് പിടിയിലായത്. തായ്‌ലാൻഡിൽ ജോലി വാഗ്ദാനം നൽകി ആലപ്പുഴ തഴവ സ്വദേശിയായ യുവാവിൽ നിന്ന് 1,20,00 രൂപയാണ് യുവതി തട്ടിയെടുത്തത്. തുടർന്ന് ഏജന്റുമാർ വഴി യുവാവിനെ തായ്‌ലാൻഡിലേക്ക് കടത്തുകയായിരുന്നു.
ഓൺലൈൻ വഴി അഭിമുഖം നടത്തിയ ശേഷമാണ് സഫ്‌ന, യുവാവിനെ തട്ടിപ്പിനിരയാക്കിയത്. കംബോഡിയയിലെത്തിയ യുവാവിന് ഓൺലൈൻ തട്ടിപ്പ് നടത്തുന്ന ജോലിയായിരുന്നു നൽകിയിരുന്നത്. കൃത്യമായ ടാർഗറ്റും യുവാവിന് നൽകി. എന്നാൽ ടാർഗറ്റ് പൂർത്തിയാക്കാത്തതിനെ തുടർന്ന് ഏജന്റുമാർ യുവാവിനെ മർദ്ദിച്ചു. വിവരങ്ങളെല്ലാം നാട്ടിലുള്ള ബന്ധുക്കളെ യുവാവ് അറിയിച്ചിരുന്നു.
തുടർന്ന് യുവാവിനെ നാട്ടിലെത്തിക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് സഫ്‌ന മാതാപിതാക്കളിൽ നിന്നും ലക്ഷങ്ങൾ തട്ടി. ഇതിന് ശേഷവും യുവാവ് നാട്ടിലെത്താത്തതിനെ തുടർന്ന് സംശയം തോന്നിയ ബന്ധുക്കൾ ഇന്ത്യൻ എംബസിക്ക് പരാതി നൽകുകയായിരുന്നു. ഇതോടെ യുവാവിനെ നാട്ടിലെത്തിക്കുകയായിരുന്നു.
യുവാവിന്റെ പരാതിയിൽ ഓച്ചിറ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. യുവതി സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നതടക്കം പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.