മുംബൈ: പ്രായപൂർത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗത്തിന്റെ പരിധിയിൽ വരുമെന്ന് വ്യക്തമാക്കി കോടതി. യുവാവിന് 10 വർഷം തടവുശിക്ഷ വിധിച്ച കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ചായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ലൈംഗികബന്ധം ബലാത്സംഗമാണ്. പെൺകുട്ടിക്ക് സമ്മതമുണ്ടായിരുന്നെങ്കിലും പെൺകുട്ടി ഭാര്യ ആയിരുന്നാലും നിയമത്തിന്റെ കണ്ണിൽ അതിനെ നീതീകരിക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് വ്യക്തമാക്കി.
പരസ്പരസമ്മതത്തോടെ ലൈംഗികമായി ഇടപഴകുന്നതിന് കുറഞ്ഞത് 18 വയസാകണമെന്നത് ഇന്ത്യൻ നിയമപ്രകാരം നിർബന്ധമാണെന്ന് ജസ്റ്റിസ് ജിഎ സനപ് ചൂണ്ടിക്കാട്ടി. 18 വയസിന് താഴെയുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമാണെന്നും അവൾ വിവാഹിതയാണോ അല്ലയോ എന്നത് പരിഗണനാവിഷയമല്ലെന്നും ജസ്റ്റിസ് ജിഎ സനപ് കൂട്ടിച്ചേർത്തു.
യുവാവിനെതിരെ ബലാത്സംഗപരാതി നൽകിയത് ഭാര്യ തന്നെയായിരുന്നു. ലൈംഗികബന്ധത്തിനായി നിർബന്ധിച്ചപ്പോൾ വഴങ്ങിക്കൊടുക്കേണ്ടതായി വന്നുവെന്നും തുടർന്ന് ഗർഭിണിയായെന്നും പെൺകുട്ടിയുടെ പരാതിയിലുണ്ട്. ഗർഭിണിയാണെന്ന് അറിഞ്ഞതോടെയാണ് യുവാവ് വിവാഹം കഴിച്ചത്. ഇതിന് ശേഷവും ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ ആവർത്തിച്ചു. ഇതോടെയാണ് പരാതി നൽകിയതെന്ന് പെൺകുട്ടി പറയുന്നു.
യുവാവിന്റെ അയൽപക്കത്താണ് പെൺകുട്ടി താമസിച്ചിരുന്നത്. 4 വർഷം ഇരുവരും പ്രണയിച്ചിരുന്നു. ഇക്കാലയളവിൽ ശാരീരികബന്ധത്തിനായി പലപ്പോഴും യുവാവ് ശ്രമിച്ചിരുന്നെങ്കിലും തടഞ്ഞു. ഒരിക്കൽ വഴങ്ങിക്കൊടുക്കേണ്ടി വന്നതോടെയാണ് ഗർഭിണിയായത്. സാഹചര്യം വഷളയപ്പോൾ വീട്ടിൽ വച്ചുതന്നെ വിവാഹം കഴിച്ചു. എന്നാൽ ഇതിന് ശേഷം യുവാവ് ഉപദ്രവിക്കുകയും മർദ്ദിക്കുകയും ചെയ്തെന്നും അബോർഷന് നിർബന്ധിച്ചെന്നും പെൺകുട്ടി പറയുന്നു. ഇത് തന്റെ കുഞ്ഞല്ലെന്ന് പറഞ്ഞ് പിതൃത്വം നിഷേധിച്ചപ്പോഴാണ് യുവാവിനെതിരെ 2019 മെയ് മാസത്തിൽ പെൺകുട്ടി പരാതി നൽകിയത്. തുടർന്നുള്ള അന്വേഷണത്തിൽ ഗർഭസ്ഥശിശുവിന്റെ പിതാവ് യുവാവ് തന്നെയാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ പൊലീസ് കണ്ടെത്തിയിരുന്നു.















