കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കൂടുതൽ സഹായം നൽകില്ലെന്ന് കേന്ദ്രം പറഞ്ഞിട്ടില്ലല്ലോയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വാർത്തകൾ അടിസ്ഥാനപ്പെടുത്തിയല്ലേ സംസ്ഥാന സർക്കാർ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ. ജസ്റ്റിസ് കെ.വി ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നിത്യാനന്ദ റായ് കേരളത്തിന് നൽകിയ കത്ത് സംസ്ഥാന സർക്കാർ കോടതിയിൽ ഹാജരാക്കിയിരുന്നു. ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി തോമസിന് അയച്ച കത്തിൽ, വയനാട് ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിനുള്ള തടസമെന്തെന്ന് ഉൾപ്പടെ കേന്ദ്രമന്ത്രി വിശദീകരിച്ചിരുന്നു. എസ്ഡിആർഎഫ് ഫണ്ടിലെ തുക ദുരിതാശ്വാസത്തിനായി വിനിയോഗിക്കാനും ആവശ്യപ്പെട്ടു. ഇതിനെ വിമർശിച്ചാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വാദിച്ചത്. എന്നാൽ പ്രത്യേക സാമ്പത്തിക സഹായം നൽകില്ലെന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടില്ലല്ലോയെന്ന് ഹൈക്കോടതി ചോദിച്ചു. വിഷയത്തിൽ അതിവേഗം തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.
ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച കേന്ദ്രസംഘം സമർപ്പിച്ച റിപ്പോർട്ട് ഉന്നതാധികാര സമിതിയുടെ പക്കലാണെന്നും സമിതി യോഗം ചേരുന്നതോടെ പ്രത്യേക ധനസഹായമുൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകുമെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രകൃതിദുരന്തം നടന്നാൽ അതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥ ഇന്ത്യയിൽ നിലവിലില്ലെന്ന് കെവി തോമസിന് അയച്ച കത്തിൽ കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.















