മുംബൈ: വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം ലഭിക്കുന്നില്ലെന്ന സിപിഎം പ്രചാരണം ആടിനെ പട്ടിയാക്കുന്നത് പോലെയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ഒരു പ്രകൃതിക്ഷോഭത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ ദേശീയ ദുരന്തനിവാരണ നിയമം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യുപിഎ ഭരണകാലത്ത് അന്നത്തെ കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ലോകസഭയിൽ അറിയിച്ച നിലപാടാണിതെന്നും വി. മുരളീധരൻ വ്യക്തമാക്കി. അന്ന് മന്ത്രിസഭയിൽ ഒപ്പമുണ്ടായിരുന്ന കെ.സി വേണുഗോപാലും കെ.വി തോമസുമെല്ലാം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അക്കാര്യം മറച്ചുവയ്‌ക്കുകയാണ്. കെ.വി.തോമസ് പാർട്ടിയല്ലേ മാറിയിട്ടുള്ളൂ, തലച്ചോറ് മാറിയിട്ടില്ലല്ലോ എന്നും മുൻ കേന്ദ്രമന്ത്രി പരിഹസിച്ചു.
വയനാട് പ്രത്യേക പാക്കേജ് അർഹിക്കുന്നുണ്ട്. അതിനുവേണ്ടി പ്രത്യേക പദ്ധതി രൂപരേഖ സംസ്ഥാന സർക്കാർ ഇതുവരെ കേന്ദ്രത്തിന് സമർപ്പിച്ചിട്ടില്ല. ബിഹാർ പ്രത്യേക പദ്ധതികൾ സമർപ്പിച്ചിരുന്നു. പിന്നാലെയാണ് ഫണ്ട് അനുവദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിന് നൽകിയത് ദുരന്തനിവാരണനിധിയിലെ വിഹിതമാണ്. ഇത് കേരളത്തിനും നൽകിയെന്നും മുരളീധരൻ പറഞ്ഞു. മുംബൈയിൽ വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
കഞ്ചിക്കോടും മുതലപ്പൊഴിയിലുമെല്ലാം കേന്ദ്രസഹായം മാനദണ്ഡം പാലിച്ച് എത്തുന്നത് ജനങ്ങൾ കണ്ടതാണ്. പിണറായി വിജയൻ സ്വന്തം ഉദ്യോഗസ്ഥന്മാരെ കൊണ്ട് കൃത്യമായ കണക്കെടുത്ത് വ്യക്തമായ പദ്ധതികൾ സമർപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തെ ഇന്ത്യയിൽ നിന്നും വേർതിരിക്കാനാണ് പലരും ശ്രമിക്കുന്നത് ബിജെപിയെ ആ കൂട്ടത്തിൽ പെടുത്തരുത്. കേരളം കേന്ദ്രത്തിന്റെ ഭാഗം തന്നെയാണ്. മാദ്ധ്യമങ്ങൾ വസ്തുതകൾ മനസിലാക്കി വാർത്ത നൽകണമെന്നും വി.മുരളീധരൻ പറഞ്ഞു.















