മുംബൈ: പ്രശസ്ത ഗായകനും സംഗീതഞ്ജനുമായ സഞ്ജയ് ചക്രബർത്തി അറസ്റ്റിൽ. പോക്സോ കേസിലാണ് അറസ്റ്റിലായത്. സംഗീതം അഭ്യസിക്കാനെത്തിയ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. മുംബൈയിൽ നിന്ന് കൊൽക്കത്ത പൊലീസാണ് ഒളിവിലായിരുന്ന ചക്രബർത്തിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് മാസമായി ഇയാൾക്കായി തെരച്ചിലിലായിരുന്നു പൊലീസ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നംവബർ 18 വരെ പ്രതി പൊലീസ് കസ്റ്റഡിയിൽ തുടരും.
കഴിഞ്ഞ ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊൽക്കത്തയിലെ യോഗ ഇൻസ്റ്റിറ്റ്യൂട്ടിൽ സഞ്ജയ് ചക്രബർത്തിയുടെ പാട്ടുക്ലാസും ഉണ്ടായിരുന്നു. സംഗീതപഠനത്തിനായി അവിടേക്കെത്തിയ കുട്ടികളിൽ ഒരാളാണ് പരാതിക്കാരി. ക്ലാസ് കഴിഞ്ഞതിന് ശേഷം മറ്റ് വിദ്യാർത്ഥികളെല്ലാം പോയെന്ന് ഉറപ്പുവരുത്തി വിദ്യാർത്ഥിനിയോട് സഞ്ജയ് ചക്രബർത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് മാനസികമായി തളർന്ന പെൺകുട്ടി കൗൺസിലിംഗിനായി എത്തിയപ്പോഴാണ് വിവരം മാതാപിതാക്കളടക്കം അറിയുന്നത്.