അലക്കുകല്ലിൽ അലക്കി വെളുപ്പിച്ചിരുന്ന കാലമൊക്കെ കടന്നുപോയി. ഇന്ന് ഒട്ടുമിക്ക വീടുകളിലും വാഷിംഗ് മെഷീനാണ് അലക്കുകാരൻ. തുണിയിട്ട്, വാഷിംഗ് ലിക്വിഡ് ഒഴിച്ചുനൽകിയാൽ മുഷിഞ്ഞ വസ്ത്രങ്ങൾ കഴുകി വൃത്തിയായി ഉണങ്ങിക്കിട്ടും. എന്നാൽ വാഷിംഗ് മെഷീനിൽ തുണി കഴുകുമ്പോൾ വിവിധതരം അണുബാധകൾ ഏൽക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
വാഷിംഗ് മെഷീനുള്ളിൽ എപ്പോഴും തണുത്ത്, നനഞ്ഞ് ഇരിക്കുന്നതിനാൽ, പ്രത്യേകിച്ചും ഫ്രണ്ട് -ലോഡിംഗായ മെഷീനുകൾ, ബാക്ടീരിയകളും ഫംഗസും പെരുകാനുള്ള സാധ്യതയേറെയാണ്. മെഷീനിൽ നിന്ന് പകരാൻ സാധ്യതയുള്ള അണുബാധകളും അതിനുള്ള പരിഹാരവും നോക്കാം.
ഇ-കോളി അണുബാധ: നമ്മുടെ ചുറ്റുപാടും വേണ്ടുവോളം കണ്ടുവരുന്ന ബാക്ടീരിയയാണ് ഇ-കോളി. അടിവസ്ത്രങ്ങൾ-ഡയപ്പറുകൾ എന്നിവയിൽ നിന്ന് മറ്റ് വസ്ത്രങ്ങളിലേക്ക് പകരാൻ സാധ്യതയുണ്ട്. ഇതുവഴി ദഹനനാളത്തിലെ അണുബാധയ്‌ക്ക് കാരണമാകും.
പരിഹാരം: അടിവസ്ത്രങ്ങൾ, തുണികൊണ്ടുള്ള ഡയപ്പറുകൾ, അടുക്കള തൂവാലകൾ എന്നിവ പ്രത്യേകം കഴുകുക. ഇതിനായി ചൂടുവെള്ളവും അണുനാശിനി ഡിറ്റർജൻ്റും ഉപയോഗിക്കാം. ഇത്തരം മുഷിഞ്ഞ വസ്ത്രങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കയ്യുറകൾ ഉപയോഗിക്കുക. മെഷീൻ ഓവർലോഡ് ചെയ്യുന്നതും ഒഴിവാക്കണം.
സ്റ്റാഫിലോകോക്കസ് അണുബാധ: നനവുള്ള പ്രതലങ്ങളിൽ പെരുകുന്ന ബാക്ടീരിയയാണ് സ്റ്റാഫിലോകോക്കസ്. ഇത് ചർമത്തിലെ അണുബാധകൾക്ക് കാരണമാകും. ശരീരത്തിലെ മുറിവുകളിലൂടെ അകത്തേക്ക് പ്രവേശിച്ചാൽ ഗുരുതര രോഗങ്ങളും ഉണ്ടായേക്കാം.
പരിഹാരം: 60 ഡിഗ്രി താപനിലയ്‌ക്ക് മുകളിൽ ചൂടുള്ള വെള്ളം ഉപയോഗിച്ച് റെഗുലറായി മെഷീൻ ബ്ലീച്ച് ചെയ്യുക. ഇതുവഴി മെഷീന് അകത്തുള്ള ബാക്ടീരിയകൾ നിർവീര്യമാകും.
സ്യൂഡോമൊണാസ് അണുബാധ: വെള്ളത്തിലും മണ്ണിലും കണ്ടുവരുന്ന ബാക്ടീരിയയാണ് Pseudomonas aeruginosa. ഇത് ചെവിയിൽ അണുബാധയുണ്ടാകുന്നതിനും ചർമത്തിൽ തിണർപ്പുകൾക്കും കാരണമാകും. വാഷിംഗ് മെഷീനിന്റെ അകക്കാമ്പുകളിലാണ് ഇത് പെറ്റുപെരുകുക.
പരിഹാരം: ഓരോ തവണ മെഷീൻ ഉപയോഗിച്ച് കഴിയുമ്പോഴും ലിഡ് തുറന്നുവെക്കുക. വായുവിൽ ഡ്രൈ ആകാൻ അനുവദിക്കുക. അകത്ത് മോയ്സ്ച്ചർ ഉണ്ടാകുന്ന സാഹചര്യം ഒരുക്കാതിരിക്കുക. മെഷീന് അകത്തെ റബ്ബർ ഏരിയകൾ പതിവായി വൃത്തിയാക്കുക.
ഫംഗൽ അണുബാധ: ഫ്രണ്ട്-ലോഡ് മെഷീനുകളുടെ ഡാംപ് ഏരിയകളിൽ വളരുന്ന ഫംഗസാണിത്. ഇത് ചർമത്തിൽ ചൊറിച്ചിലുണ്ടാക്കാനും ശ്വസനപ്രശ്നങ്ങൾക്കും കാരണമാകും.
പരിഹാരം: മെഷീന് അകത്തെ നനവ് തുടച്ചുകളയുക. പ്രത്യേകിച്ച് ഡോർ/ലിഡ്, റബ്ബർ സീലുകൾ എന്നിവ. പ്രതിമാസം ഒരുതവണയെങ്കിലും ചൂടുവെള്ളം ഉപയോഗിച്ച് ക്ലീൻ ചെയ്യുക. വിനാഗിരി, വാഷർ ക്ലീനർ എന്നിവയും ഉപയോഗിക്കാം.
മൈകോബാക്ടീരിയം അണുബാധ: വാഷിംഗ് മെഷീനുകളിൽ പെരുകാൻ സാധ്യതയുള്ള ബാക്ടീരിയയാണ് Non-tuberculous mycobacteria (NTM). ഇത് ചർമത്തിനും ശ്വസനത്തിനും പ്രയാസമുണ്ടാക്കും
പരിഹാരം: ടവ്വലുകൾ, ജിം വസ്ത്രങ്ങൾ, ചർമ്മത്തിൽ സമ്പർക്കം പുലർത്തുന്ന മറ്റ് വസ്തുക്കൾ എന്നിവ ചൂടുവെള്ളത്തിൽ കഴുകുക. പ്രതിമാസം ഒരിക്കലെങ്കിലും ചൂടുവെള്ളത്തിൽ മെഷീൻ ക്ലീൻ ചെയ്യുക.
വാഷിംഗ് മെഷീൻ വൃത്തിയായി പരിപാലിക്കുന്നത് അണുബാധകളെ അകറ്റാൻ സഹായിക്കും.