ജൊഹന്നാസ്ബര്‍ഗ്: സഞ്ജു സാംസണും തിലക് വർമയും ചേർന്ന് റൺ മഴ പെയ്യിച്ച മത്സരത്തിൽ ഇന്ത്യ നേടിയത് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയുള്ള ഏറ്റവും വലിയ ടി20 ടോട്ടൽ. ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന ടി20 സ്കോറുമാണിത്. നിശ്ചിത ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 283 റൺസാണ് നീലപ്പട അടിച്ചെടുത്തത്. സിക്സടിക്കാൻ ബാറ്റർമാർ മത്സരിച്ച മത്സരച്ചിൽ 23 എണ്ണമാണ് ഗാലറിയിൽ മൂളി പറന്നത്. സഞ്ജു 9 എണ്ണം പറത്തിയപ്പോൾ തിലക് പത്തെണ്ണം അടിച്ചു.
അഭിഷേക് ശർമയും നാലെണ്ണം അതിർത്തിവര കടത്തിയിട്ടാണ് കളം വിട്ടത്. 56 പന്തിൽ 109 റൺസുമായി സഞ്ജുവും 47 പന്തിൽ 120 റൺസുമായി തിലകും പുറത്താകാതെ നിന്നു. ഒന്നാം വിക്കറ്റിൽ സഞ്ജു- അഭിഷേക് സഖ്യം ആറോവറിൽ 73 റൺസ് നേടിയെങ്കിൽ രണ്ടാം വിക്കറ്റിൽ പിറന്നത് ടി20 ചരിത്രത്തിലെ റെക്കോർഡ് പാർടണർഷിപ്പാണ്. സഞ്ജു തിലക് ജോഡി 86 പന്തിൽ 210 റൺസാണ് അടിച്ചുകൂട്ടിയത്. ടി20യിൽ ഏറ്റവും അധികം സെഞ്ച്വറികളുള്ള ഇന്ത്യക്കാരിൽ മൂന്നാമനാകാനും സാഞ്ജുവിനായി. കെ.എൽ രാഹുലിനെയാണ് മറികടന്നത്.
51 പന്തിൽ സാംസൺ സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ തിലക് 41 പന്തിലാണ് രണ്ടാം ശതകം നേടിയത്. അക്ഷരാർത്ഥത്തിൽ ആദ്യ ഓവറിന് ശേഷം ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് മറുപടിയുണ്ടായിരുന്നില്ല. ക്യാപ്റ്റൻ എയ്ഡൻ മാർക്രവും നിസാഹയനായിരുന്നു. താനടക്കം ഏഴ് ബൗളർമാരെയാണ് ക്യാപ്റ്റൻ മാറിമാറി പരീക്ഷിച്ചത്.















