ചെറുതോണി : സ്കൂളിലെ കൗൺസലറായ വനിത ജീവനൊടുക്കിയതിന് ആധാരമായ വ്യാജലൈംഗിക പരാതി എഴുതിവാങ്ങിയ ചൈൽഡ്‌ലൈൻ പ്രവർത്തകന് അഞ്ചരവർഷം കഠിനതടവും 1.36 ലക്ഷം രൂപ പിഴയും ശിക്ഷ. സ്കൂളിലെ കൗൺസലറായ വനിത വിദ്യാർഥിയെ ലൈംഗികമായി ഉപയോഗിച്ചെന്ന വ്യാജ പരാതി ഒൻപതാം ക്ലാസ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയ കേസിലാണ് വിധി വന്നത്. സംഭവത്തിൽ, കൗൺസലർ പിന്നീടു ജീവനൊടുക്കിയിരുന്നു.
മൂന്നാറിലെ ചൈൽഡ്‌ലൈൻ പ്രവർത്തകനായിരുന്ന ഇക്കാനഗർ സ്വദേശി ജോൺ എസ്.എഡ്വിനെയാണ് ഇടുക്കി അതിവേഗ കോടതി ജഡ്ജി ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചത്. പിഴത്തുക മരിച്ച അധ്യാപികയുടെ അവകാശികൾക്കു നൽകാനും കോടതി നിർദേശിച്ചു.
2020 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൗൺസലറോടുള്ള വിരോധംമൂലം സ്കൂളിലെ മറ്റ് അധ്യാപികമാർ, പ്രതിയെക്കൊണ്ട് കൃത്യം ചെയ്യിപ്പിച്ചെന്നായിരുന്നു കേസ്. കുട്ടിയുടെ പക്കൽനിന്നു ഭീഷണിപ്പെടുത്തി വാങ്ങിയ പരാതി പ്രതി പൊലീസിനു കൈമാറി. പിന്നീടു പൊലീസ് കുട്ടിയുടെ മൊഴിയെടുത്തപ്പോൾ പ്രതി തന്നെ അടച്ചിട്ട മുറിയിൽ തനിച്ചിരുത്തി ഭീഷണിപ്പെടുത്തിയാണു പരാതി എഴുതിവാങ്ങിയതെന്നു കുട്ടി മൊഴിനൽകി. അപ്പോഴാണ് സംഭവം പുറത്തായത്. തുടർന്ന് ചൈൽഡ്‌ലൈൻ പ്രവർത്തകനെ പ്രതിയാക്കി മൂന്നാർ പൊലീസ് കേസെടുത്തു
അന്നത്തെ മൂന്നാർ സിഐ റെജി എം.കുന്നിപ്പറമ്പിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.















