ന്യൂയോർക്ക്: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ചോർച്ച ഗുരുതരമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിനിടെയും ഭിന്നത തുടർന്ന് നാസയും റഷ്യയിലെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസും. അഞ്ച് വർഷം മുൻപ് തന്നെ പ്രശ്‌നം കണ്ടെത്തിയിരുന്നെങ്കിലും അടുത്തിടെ സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയായിരുന്നു. ഐഎസ്എസിൽ തുടരുന്ന ബഹിരാകാശ സഞ്ചാരികളുടെ ജീവനേയും, ലബോറട്ടറിയുടെ പ്രവർത്തനത്തേയും ഇത് പ്രതികൂലമായി ബാധിച്ചേക്കാമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.
ഐഎസ്എസിലുള്ള റഷ്യൻ മൊഡ്യൂളിലാണ് ചോർച്ച കണ്ടെത്തിയിട്ടുള്ളത്. സ്വെസ്ഡ മൊഡ്യൂളിനെ ഡോക്കിങ് പോർട്ടലുമായി കണക്ട് ചെയ്യുന്ന ഹോളിലാണ് പ്രശ്‌നമെന്നാണ് വിവരം. കഴിഞ്ഞ ഏതാനും മാസത്തിനിടെ ചോർച്ച വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ട്. ഇത് വലിയ ഭീഷണി ഉയർത്തുന്ന വിഷയാണെന്ന റിപ്പോർട്ടും നാസ പുറത്ത് വിട്ടിരുന്നു. വിഷയത്തിൽ ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണെങ്കിലും നാസയും റോസ്‌കോസും പ്രശ്‌നത്തിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ചുള്ള അധികം വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
റഷ്യൻ ബഹിരാകാശ ഉദ്യോഗസ്ഥർ ഇതിന് പിന്നിലെ ആശങ്ക മനസിലാക്കുന്നില്ലെന്നും, ഗുരുതരമായ വിഷയമാണിതെന്നും നാസ മുൻ ബഹിരാകാശയാത്രികൻ ബോബ് കബാന പറയുന്നു. ഐഎസ്എസ് പൂർണമായും സുരക്ഷിതമാണെന്നാണ് റഷ്യൻ ബഹിരാകാശ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നത്. എന്നാൽ ഞങ്ങൾക്ക് അതിൽ വിശ്വാസ്യതയില്ല. അത് സുരക്ഷിതമല്ലെന്ന് തന്നെയാണ് ഇപ്പോഴും കണ്ടെത്തിയിട്ടുള്ളതെന്നും” കബാന പറയുന്നു.
ഈ വർഷം ഏപ്രിലിൽ ദിവസേന ഏകദേശം 1.7 കിലോ വായു പുറത്തേക്ക് പോകുന്ന വിധത്തിൽ ചോർച്ച വർദ്ധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അപകടസാധ്യതകൾ കുറയ്‌ക്കുന്നതിന്റെ ഭാഗമായി ഐഎസ്എസിലെ ചില പ്രത്യേക ഭാഗങ്ങൾ അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ നാസ സ്വീകരിച്ചിട്ടുണ്ട്. ബഹിരാകാശ സഞ്ചാരികൾക്കും ഇത് സംബന്ധിച്ചുള്ള മുൻകരുതൽ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.